tijo

കൊല്ലം: ആഹാരവും കുടിവെള്ളവും തീരാറായി. വൈദ്യുതിയും നെറ്റ് കണക്ഷനും ഇല്ലാതായാൽ ബങ്കറിനുള്ളിൽ കഴിയുന്നവർക്ക് പുറംലോകവുമായുള്ള ബന്ധം ഇല്ലാതാകും.

തുടർച്ചയായി ഷെല്ലാക്രമണം നടക്കുന്നതിനാൽ പുറത്ത് ഇറങ്ങാനാവില്ല. കൊല്ലം സ്വദേശി ടിജോയുടെ വാക്കുകളിൽ ഭീതി നിറയുന്നു. എനിക്കൊപ്പം മറ്റ് നാല് മലയാളി വിദ്യാർത്ഥികൾ കൂടിയുണ്ട്.

രാവിലെ അഞ്ച് മുതൽ ഷെല്ലാക്രമണം രൂക്ഷമാകും.

ഗ്രഗറിനാ റെയിൽവേ സ്റ്റേഷന് സമീപമാണ് ഷെല്ലുകൾ വീഴുന്നത്. എയർപോർട്ടിലേക്കും ഷെല്ലുകൾ വർഷിക്കുന്നുണ്ട്. ഉച്ചയോടെ ആക്രമണത്തിന് അയവ് വരുന്നതോടെ കടകൾ തുറക്കും. രണ്ടുപേർ സാധനങ്ങൾ വാങ്ങാൻ പോയി. ഈ സമയം വീണ്ടും ഷെല്ലാക്രണമുണ്ടായി. പുറത്തുപോയവരെ ഫോണിൽ വിളിച്ചപ്പോൾ സുരക്ഷിതരാണെന്ന് അറിഞ്ഞതോടെയാണ് ആശ്വാസമായത്. മെട്രോ റെയിൽവേ സ്റ്റേഷനിലുള്ള ബങ്കറുകളിലാണ് കൂടുതൽ ആളുകളും അഭയം തേടിയിരിക്കുന്നത്.

കൊല്ലം പള്ളിത്തോട്ടം കൗമുദി നഗറിൽ ഗ്രീൻ ലാൻഡിൽ തോമസിന്റെയും വിൽസിയുടെയും മകനായ ടിജോ 2018ലാണ് എം.ബി.ബി.എസ് പഠനത്തിന് യുക്രെനിലെത്തിയത്. തൊട്ടടുത്ത വർഷം നാട്ടിലെത്തിയിരുന്നു. പിന്നീട് കൊവി‌ഡ് വ്യാപനം കാരണം വരാനായില്ല. നാട്ടിൽ വരാനിരിക്കെയാണ് യുദ്ധം തുടങ്ങിയത്.