photo
പ്രതികൾ അനീഷ്, സതീഷ്, പ്രവീൺകുമാർ, ഉണ്ണികൃഷ്ണ പിള്ള

കൊട്ടാരക്കര: സി.പി.എം കൊട്ടാരക്കര ഏരിയ കമ്മിറ്റി അംഗം ഫൈസൽ ബഷീറിനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ. നെടുവത്തൂർ ചാലൂക്കോണം വടക്കേക്കര മേലതിൽ അനീഷ്(23), വടക്കേക്കര മേലതിൽ സതീഷ്(22), മേലില രാധ വിലാസത്തിൽ പ്രവീൺകുമാർ(35), ഇരണൂർ ശ്രീവിലാസത്തിൽ ഉണ്ണികൃഷ്ണപിള്ള(36) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. 24ന് രാത്രി 9.30ന് കൊട്ടാരക്കര മുസ്ളീംസ്ട്രീറ്റ് പാലത്തിന് സമീപത്തുവച്ചായിരുന്നു ബൈക്കിലെത്തിയ സംഘം ഫൈസൽ ബഷീറിനെ ആക്രമിച്ചത്. കൊട്ടാരക്കര നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ഡി.വൈ.എഫ്.ഐ ബ്ളോക്ക് കമ്മിറ്റി സെക്രട്ടറിയുമാണ് ഫൈസൽ. കൊട്ടാരക്കര എസ്.ജി. കോളേജിലും തുടർന്ന് താലൂക്ക് ആശുപത്രിയിലുമായി എസ്.എഫ്.ഐ- എ.ബി.വി.പി സംഘർഷം ഉണ്ടായിരുന്നു. ഇതിൽ ഫൈസൽ ബഷീർ ഇടപെട്ടതിന്റെ തുടർച്ചയായുള്ള അക്രമണമാണ് നടന്നത്. കമ്പിവടികൊണ്ട് തലയ്ക്കും കൈയ്ക്കും കാലിനും അടിച്ച് പരിക്കേൽപ്പിച്ച് വഴിയിൽ തള്ളുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 13 ബി.ജെ.പി - ആർ.എസ്.എസ് പ്രവർ‌ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ കേസിൽ നേരിട്ട് ബന്ധമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ഇനിയും പ്രതികളെ കിട്ടാനുണ്ട്. ഇവരെ കണ്ടെത്താനുള്ള ഊർജ്ജിത അന്വേഷണം നടക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.