
കൊല്ലം: വിരമിച്ചിട്ടും വീട്ടിലിരിക്കാതെ 'മസിലി'നൊപ്പം നിന്ന സുരേഷ് കുമാറിന് 59ാം വയസ്സിൽ മിസ്റ്റർ ഇന്ത്യ കിരീടം. കൊല്ലം തെക്കേവിള കൃഷ്ണശ്രീയിൽ എ.സുരേഷ് കുമാർ ഇന്ത്യൻ ബോഡി ബിൽഡിംഗ് ഫെഡറേഷൻ പോണ്ടിച്ചേരിയിൽ നടത്തിയ മത്സരത്തിലാണ് അൻപതിനും അറുപതിനും ഇടയിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ മാസ്റ്റേഴ്സ് മിസ്റ്റർ ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ മിസ്റ്റർ കൊല്ലവും മിസ്റ്റർ കേരളയും ആയിട്ടുണ്ടെങ്കിലും മിസ്റ്റർ ഇന്ത്യ പട്ടം ഇതാദ്യമാണ്.
കെ.എസ്.ആർ.ടി.സി ഡ്രൈവറായിരുന്ന അയ്യപ്പൻപിള്ളയുടെയും ലീലാവതി അമ്മയുടെയും ആറ് മക്കളിൽ നാലാമനായ സുരേഷ് കുമാർ പത്താം ക്ളാസിന് ശേഷം ഇലക്ട്രിക്കൽ ട്രേഡിൽ ഐ.ടി.ഐയും പാസായ ശേഷം കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടറായി ജോലിയിൽ പ്രവേശിച്ചു. ആഴ്ചയിൽ മൂന്ന് ദിവസം ജോലിയും
ബാക്കി നാല് ദിവസവും ജിംനേഷ്യത്തിൽ പരിശീലനവും തുടർന്നു.
സ്റ്റേഷൻ മാസ്റ്ററായും ഇൻസ്പെക്ടറായും പ്രൊമോഷൻ ലഭിച്ചപ്പോൾ സമയം പ്രശ്നമായെങ്കിലും
രാത്രി 11 വരെ ജിമ്മിൽ ചെലവിട്ട് അത് പരിഹരിച്ചു. 2020ൽ വിരമിച്ചതോടെ പരിശീലനത്തിന് കൂടുതൽ സമയം ലഭിച്ചു. മത്സരങ്ങൾ ഉള്ളപ്പോൾ രാവിലെയും വൈകിട്ടുമായി ആറ് മണിക്കൂർ വരെ വർക്കൗട്ട് ചെയ്യും.
കടുത്ത ചിട്ടയോടെ ആഹാരം
ഉപ്പിടാതെ വെളുത്തുള്ളിയും ഇഞ്ചിയും മാത്രമിട്ട് പുഴുങ്ങിയ ചിക്കനും മുട്ടയുമാണ് മൂന്ന് നേരം ആഹാരം. 25കാരനായ മാടൻനട സ്വദേശി അഭിഷേകാണ് പരിശീലകൻ. ഇപ്പോൾ കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിലെ ഏലിയൻ ജിംനേഷ്യത്തിലെ പരിശീലകൻ കൂടിയാണ് സുരേഷ്. ഇന്റർനാഷണൽ ലെവലിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പും നടത്തുന്നുണ്ട്. ഭാര്യ മിനിയും മക്കളായ ശ്രുതി, അനന്തകൃഷ്ണൻ, മരുമക്കൾ ഹരികൃഷ്ണ, ഡോ.കബനി എന്നിവരൊക്കെ സുരേഷിന് പ്രോത്സാഹനവുമായി ഒപ്പമുണ്ട്. അനന്തകൃഷ്ണൻ ദുബായിൽ ബോഡി ബിൽഡിംഗ് ട്രെയിനറാണ്.
..................................
ബോഡി ബിൽഡിംഗ് വളരെ ചെലവേറിയ കാര്യമാണ്. പെൻഷൻതുക കൊണ്ടാണ് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. സ്പോൺസർഷിപ്പിലൂടെയെങ്കിലും ഇന്റർനാഷണൽ ലെവലിൽ മത്സരിച്ച് ജേതാവാകണമെന്ന ആഗ്രഹമുണ്ട്
എ.സുരേഷ് കുമാർ