കുണ്ടറ: പൊലീസ് നിഷ്ക്രിയരായി നോക്കിനിൽക്കുന്ന അവസ്‌ഥയാണ് അടുത്തിടെ കേരളത്തിൽ നടന്ന പല സംഭവങ്ങളിലും നമുക്ക് കാണാൻ കഴിഞ്ഞതെന്നും കേരള പൊലീസിനെ പിണറായി വിജയൻ നയിക്കുന്ന ആഭ്യന്തര വകുപ്പ് നിഷ്ക്രിയമാക്കിയെന്നും പി.സി.വിഷ്ണുനാഥ് എം.എൽ.എ അഭിപ്രായപ്പെട്ടു. കോൺഗ്രസ് കൊറ്റംങ്കര മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ചന്ദനത്തോപ്പിൽ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് കൊറ്റംകര മണ്ഡലം പ്രസിഡന്റ് കോണിൽ വിനോദ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കുട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. എ.ഐ.സി.സി അംഗം അഡ്വ.ബിന്ദു കൃഷ്ണ, ഡി.സി.സി ജനറൽ സെക്രട്ടറി കെ.ആർ.വി.സഹജൻ, യൂ.ഡി.എഫ് കുണ്ടറ നിയോജകമണ്ഡലം ചെയർമാൻ കുരിപ്പള്ളി സലിം, ബ്ലോക്ക് പ്രസിഡന്റുമാരായ നസിമുദീൻ ലബ്ബ, കെ.ബാബുരാജൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, ആർ.എസ്.പി കേന്ദ്രകമ്മിറ്റി അംഗം മഹേശ്വരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. കേരളപുരം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധപ്രകടനം ചന്ദനത്തോപ്പിൽ സമാപിച്ചു.