കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ പരാജയമുണ്ടായ കരുനാഗപ്പള്ളിയിൽ സി.പി.ഐ മണ്ഡലം കമ്മിറ്റി വിഭജിച്ചു. കരുനാഗപ്പള്ളി, ഓച്ചിറ മണ്ഡലം കമ്മിറ്റികളായാണ് വിഭജനം. തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയുടെ ഭാഗമായി മണ്ഡലം സമ്മേളനത്തിന് മുമ്പേ കമ്മിറ്റി രണ്ടാക്കാൻ ജില്ലാ എക്സിക്യുട്ടീവ് നേരത്തെ തീരുമാനിച്ചിരുന്നു. കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി വിളിച്ച് അച്ചടക്ക നടപടി റിപ്പോർട്ട് ചെയ്ത ശേഷം കഴിഞ്ഞദിവസം ചേർന്ന ജില്ലാ എക്സിക്യുട്ടീവാണ് വിഭജന തീരുമാനം അറിയിച്ചത്. കുലശേഖരപുരം, തഴവ, ഓച്ചിറ, ക്ലാപ്പന പഞ്ചായത്തുകൾ ചേർന്നാണ് ഓച്ചിറ മണ്ഡലം കമ്മിറ്റി. കരുനാഗപ്പള്ളി നഗരസഭ തൊടിയൂർ ആലപ്പാട് പഞ്ചായത്തുകൾ എന്നിവ ചേർന്ന് പുതിയ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി നിലവിൽ വരും. മണ്ഡലം സെക്രട്ടറിമാരെ ജില്ലാ എക്സിക്യൂട്ടീവ് തീരുമാനിക്കും. ഇതിനായി ഉടൻതന്നെ ജില്ലാ എക്സിക്യുട്ടീവ് യോഗം കരുനാഗപ്പള്ളിയിൽ ചേരും.