photo
ദേശിയ പതയിലെ ഉറുകുന്ന് കനാൽ പാലത്തിന് സമീപത്ത് പിക്കപ്പ് വാൻ ഇടിച്ച് പരിക്കേറ്റവരെ തെന്മല പൊലിസും നാട്ടുകരും ചേർന്ന് ആംബുലൻസിൽ കയറ്റുന്നു

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിലൂടെ വയ്ക്കോൽ കയറ്റിയെത്തിയ പിക്കപ്പ് വാൻ ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശികൾക്കാണ് പരിക്കേറ്റത്. ദേശീയ പാതയിലെ ഉറുകുന്ന് കനാൽ പാലത്തിന് കിഴക്ക് ഭാഗത്തായിരുന്നു സംഭവം. പുനലൂർ ഭാഗത്ത് നിന്ന് ഒറ്റക്കൽ ഭാഗത്തേക്ക് കുറച്ച് വയ്ക്കോലുമായി കടന്ന് വന്ന പിക്കപ്പ് വാൻ മറ്റൊരു വാഹനത്തെ മറി കടക്കുന്നതിനിടെ എതിർദിശയിൽ നിന്നെത്തിയ ബൈക്ക് യാത്രികരെ ഇടിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ തെന്മല എസ്.ഐ.സുബിൻ തങ്കച്ചന്റെ നേതൃത്വത്തിലുള്ള പൊലീസും നാട്ടുകാരും ചേർന്ന് പരിക്കേറ്റ രണ്ട് പേരെയും ആംബുലൻസിൽ കയറ്റി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ സമീപത്തെദേശിയ പാത കടന്ന് പോകുന്ന കനാൽ പാലത്തിൽ വീണ ഓയിലിൽ കയറി ഇരുചക്ര വാഹനങ്ങൾ തെന്നി മറിഞ്ഞു.ഇത് കണ്ട എസ്.ഐ സമീപത്തെ വീടകളിൽ നിന്നും വെളളം ശേഖരിച്ച് ഓയിൽ കഴുകി കളഞ്ഞത് കാരണം കൂടുതൽ അപകടങ്ങൾ ഒഴുവാക്കാൻ കഴിഞ്ഞു.