
തൊടിയൂർ: ആചാരങ്ങളും ആഡംബരങ്ങളും ഉപേക്ഷിച്ച് സർക്കാർ ജീവനക്കാർ താലി ചാർത്താതെ വിവാഹിതരായി. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ അങ്കണമാണ് വേറിട്ട വിവാഹവേദിയായത്.
ഗ്രന്ഥശാലാ പ്രവർത്തകനും പൊലീസ് ഉദ്യോഗസ്ഥനുമായ റൈജിനും മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരിയായ അഖിലയുമാണ് വ്യത്യസ്തമായി വിവാഹിതരായത്. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വേദിയിലാണ് താലിയും വരണമാല്യവും ഉപേക്ഷിച്ച് ചടങ്ങുകൾ പൂർത്തിയാക്കിയത്.
ഭരണഘടനയുടെ ആമുഖം വായിച്ചാണ് ഇരുവരും രജിസ്റ്ററിൽ ഒപ്പുവച്ചത്. വരന്റെയും വധുവിന്റെയും മാതാപിതാക്കളും സഹോദരങ്ങളും മാത്രമാണ് വിവാഹ വേദിയിൽ എത്തിയത്. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ബി. ശിവൻ ഭരണഘടനയുടെ ആമുഖം വായിച്ചു. സദസ് ഏറ്റുചൊല്ലി. അസിസ്റ്റന്റ് രാജിസ്ട്രാർ
കെ.ബി. ഗിരീഷ് വേദിയിലെത്തി വിവാഹം രജിസ്റ്റർ ചെയ്തു.
തൊടിയൂർ കല്ലേലിഭാഗം അയണിവിളയിൽ ഇ.കെ.സൂനുവിന്റെറെയും ടി. ഉഷയുടെയും മകനാണ് റൈജിൻ. കോട്ടയം കല്ലറ നെടിയകാലയിൽ വിജയന്റെയും സോമിനിയുടെയും മകളാണ് അഖില.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ സ്വാഗതം പറഞ്ഞു. കവി കുരീപ്പുഴ ശ്രീകുമാർ, എം.എൽ.എമാരായ സി.ആർ. മഹേഷ്,
ഡോ. സുജിത്ത് വിജയൻപിള്ള, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, ഡോ. വള്ളിക്കാവ് മോഹൻദാസ്, സന്തോഷ് മാനവം, പൊലീസ് അസോ. സംസ്ഥാന പ്രസിഡന്റ് ഷിനോദാസ്, സെക്രട്ടറി സി.ആർ. ബിജു, കെ.ജി. ശിവപ്രസാദ്, ടി. അനിൽകുമാർ, സുരേഷ് വെട്ടുകാട്
എന്നിവർ സംസാരിച്ചു. അതിഥികൾക്ക് പുഴുക്ക് ഉൾപ്പെടെ ലഘുഭക്ഷണം വിതരണം ചെയ്തു.