
കൊല്ലം: സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന് കീഴിൽ വിവിധ ജില്ലകളിലുള്ള സ്‌പോർട്‌സ് ഹോസ്റ്റലുകൾ, എലൈറ്റ്, ഓപ്പറേഷൻ ഒളിമ്പിയ സ്‌കീമുകളിൽ 2022- 23 അദ്ധ്യയന വർഷത്തേക്കുള്ള ജില്ലാതല, സോണൽ സെലക്ഷൻ മാർച്ച് രണ്ടു മുതൽ 15 വരെ നടക്കും. ഏഴ്, എട്ട് ക്ലാസുകളിലേക്കും പ്ലസ് വൺ, ഒന്നാം വർഷ ബിരുദത്തിലേക്കുമാണ് കായികതാരങ്ങളെ തെരഞ്ഞെടുക്കുന്നത്.
ബാസ്കറ്റ് ബാൾ, സ്വിമ്മിംഗ്, ബോക്‌സിംഗ്, ജൂഡോ, ഫെൻസിംഗ്, ആർച്ചറി, റസലിംഗ്, തായ്ക്കൊണ്ടോ, സൈക്ളിംഗ്, നെറ്റ്ബാൾ, കബഡി, ഖോ ഖോ, കനോയിംഗ്, കയാക്കിംഗ്, റോവിംഗ്, ഹോക്കി, ഹാൻഡ് ബാൾ എന്നീ കായികയിനങ്ങളിലാണ് സോണൽ സെലക്ഷൻ നടക്കുക.
ഹോക്കി, ഹാൻഡ്ബാൾ എന്നിവയിൽ പെൺകുട്ടികൾക്ക് സ്‌കൂൾ, പ്ലസ് വൺ അക്കാഡമിയിലേക്ക് മാത്രമായിരിക്കും പ്രവേശനം. അത്ലറ്റിക്സ്, ഫുട്‌ബാൾ, വോളിബാൾ എന്നീയിനങ്ങളിൽ ജില്ലാതല സെലക്ഷൻ നടത്തും. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കുട്ടികൾക്ക് 14നും 15 നും തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സോണൽ സെലക്ഷനും കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കുട്ടികൾക്കായി 3ന് കൊല്ലം എസ്.എൻ കോളേജിൽ ജില്ലാതല സെലക്ഷനും നടത്തും. കൂടുതൽ വിവരങ്ങൾക്ക് സ്പോർട്സ് കൗൺസിലിന്റെ ജില്ല, താലൂക്ക് തല ഓഫീസുകളുമായി ബന്ധപ്പെടണം.