
കൊല്ലം: ഗ്രാമങ്ങളിലെ യാത്രാക്ലേശം പരിഹരിക്കാൻ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് കെ.എസ്.ആർ.ടി.സി ആരംഭിക്കുന്ന ഗ്രാമവണ്ടി സർവീസീന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പച്ചക്കൊടി.
തദ്ദേശ സ്ഥാപനങ്ങൾ നിർദ്ദേശിക്കുന്ന റൂട്ടുകളിൽ ഓടുന്ന ബസുകൾക്ക് തനത് ഫണ്ട്, സംഭാവന എന്നിവ വഴി പണം നൽകാൻ തദ്ദേശ സ്വയംഭരണവകുപ്പ് അനുമതി നൽകി. തദ്ദേശ, ഗതാഗത വകുപ്പ് മന്ത്രിമാർ തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
ഡീസൽ കാശിനായി പൊതുജനങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും സംഭാവനയും പരസ്യവും സ്വീകരിക്കുന്ന കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് തീരുമാനമെടുക്കാം. ഒന്നിലധികം തദ്ദേശ സ്ഥാപനങ്ങൾ ചേർന്ന് നടത്തേണ്ടി വരുന്ന സർവീസുകളുടെ ചുമതലയും ഏകോപനവും ജില്ലാ പഞ്ചായത്തിന് നൽകണമെന്ന് കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല.
സ്റ്റേ ബസുകളിലെ ജീവനക്കാർക്ക് വിശ്രമത്തിനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും കഴിയാവുന്ന സഹായങ്ങൾ ചെയ്യണമെന്നും തദ്ദേശവകുപ്പ് നിർദ്ദേശിച്ചു. വരുന്ന സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഗ്രാമവണ്ടിക്ക് കൂടി പണം വകയിരുത്തണമെന്ന ആവശ്യവുമായി കെ.എസ്.ആർ.ടി.സി അധികൃതർ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെ സമീപിച്ചിരുന്നു.
എന്നാൽ തദ്ദേശസ്വയംഭരണ വകുപ്പിൽ നിന്ന് നിർദ്ദേശം ലഭിക്കാഞ്ഞതിനാൽ അനുകൂല മറുപടി ലഭിച്ചിരുന്നില്ല. ഈ പ്രശ്നത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.
വരുമാനം കുറഞ്ഞാലും സർവീസ് ഉറപ്പാക്കാം
1. സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാൽ വരുമാനം കുറവുള്ള റൂട്ടുകളിൽ സർവീസ് നടത്താൻ കെ.എസ്.ആർടി.സിക്ക് കഴിയുന്നില്ല
2. ഇതിന് പരിഹാരമായാണ് ഗ്രാമവണ്ടി ആശയം മുന്നോട്ടുവച്ചത്
3. ഡീസൽ ചെലവ് പൂർണമായും തദ്ദേശ സ്ഥാപനമോ, ഒന്നിലധികം സ്ഥാപനങ്ങൾ സംയുക്തമായോ വഹിക്കണമെന്നാണ് പ്രധാന നിബന്ധന
4. ഒരു ദിവസം 150 കിലോമീറ്രർ ഓടാൻ 3325 രൂപയാണ് ഡീസലിനായി നൽകേണ്ടത്
5. പ്രദേശത്തെ ഏതെങ്കിലും പമ്പുമായി തദ്ദേശ സ്ഥാപനം ധാരണയിലെത്തി ഡീസൽ ലഭ്യമാക്കണം
6. ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്ന സർവീസുകളിൽ കെ.എസ്.ആർടി.സി തന്നെ ഡീസൽ നിറയ്ക്കും. ഇതിന് മൂന്ന് മാസത്തെ തുക മുൻകൂട്ടി അടയ്ക്കണം
7. വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ, ഭിന്നശേഷിക്കാർക്കുള്ള പാസ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും.
പഞ്ചായത്തുകൾ തയ്യാറാകുമോ?
പഞ്ചായത്തുകൾ പദ്ധതിയുമായി സഹകരിക്കാൻ തയ്യാറാകുമോയെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുകയാണ്. കടുത്ത ഗതാഗത ക്ലേശം നിലനിൽക്കുന്ന പല പഞ്ചായത്തുകളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നവയാണ്. ഇത്തരം സ്ഥാപനങ്ങൾക്ക് തനത് വരുമാനം കുറവാണ്. ഇതിനിടിയിൽ ഗ്രാമവണ്ടിക്ക് എങ്ങനെ പണം വകയിരുത്തുമെന്ന ചോദ്യവും ഉയരുന്നു.
""
തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻ ചെയർമാനായ മാനേജ്മെന്റ് കമ്മിറ്റിക്കാണ് ഗ്രാമവണ്ടികളുടെ നടത്തിപ്പ് ചുമതല. ഒന്നിലധികം തദ്ദേശ സ്ഥാപനങ്ങൾ ചേർന്നാണ് നടത്തുന്നതെങ്കിൽ സർവീസ് ആരംഭിക്കുന്ന തദ്ദേശ സ്ഥാപനത്തിന്റെ അദ്ധ്യക്ഷനായിരിക്കും ചെയർമാൻ. ഈ കമ്മിറ്റിയാണ് റൂട്ട് നിശ്ചയിക്കുന്നത്.
കെ.എസ്.ആർ.ടി.സി അധികൃതർ