
കൊല്ലം: കൊവിഡിനെ തുടർന്ന് നിറുത്തലാക്കിയ പെരുമൺ- തിരുവനന്തപുരം, കൊല്ലം- വെള്ളിമൺ, കൊല്ലം- ചെങ്ങന്നൂർ ബസ് സർവീസുകൾ പുനരാരംഭിക്കണമെന്നും കൊല്ലം- ചെങ്ങന്നൂർ വേണാട് സർവീസിന് കുഴിയം കാപ്പെക്‌സ് ഫാക്ടറിക്ക് മുന്നിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഗതാഗത വകുപ്പ് മന്ത്റിക്കും കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർക്കും കത്ത് നൽകി. കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്താത്തതിനാൽ വിവിധ പ്രദേശങ്ങളിലുള്ള ജനങ്ങൾ യാത്രാക്ലേശത്തിൽ ബുദ്ധിമുട്ടുകയാണ്. കുഴിയം കാപ്പെക്‌സ് ജംഗ്ഷൻ തിരക്കുള്ള സ്ഥലമായിട്ടും പ്രധാനപ്പെട്ട സർവീസായ കൊല്ലം- ചെങ്ങന്നൂർ ബസിന് സ്റ്റോപ്പില്ലാത്തത് യാത്രാക്ലേശം രൂക്ഷമാക്കുന്നതായും കെ.എസ്.ആർ.ടി.സി സർവീസുകൾ പൂർണമായും പുനരാരംഭിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.