sun

കൊല്ലം: സംസ്ഥാനത്ത് ചൂട് കൂടിവരുന്ന സാഹചര്യത്തിൽ സൂര്യാഘാതത്തിലും മറ്റ് ആരോഗ്യപ്രശ്‍നങ്ങളിലും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പും തൊഴിൽ സമയം പുനഃക്രമീകരിക്കണമെന്ന് തൊഴിൽവകുപ്പും നിർദ്ദേശം നൽകി. അന്തരീക്ഷതാപം ഒരു പരിധിക്ക് മുകളിലായാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്റണ സംവിധാനങ്ങൾ തകരാറിലാവുകയും, ശരീരത്തിലുണ്ടാകുന്ന താപം പുറത്തു കളയുന്നതിന് തടസം നേരിടുകയും ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടെ തകരാറിലാകുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യഘാതം. സൂര്യാഘാതത്തേക്കാൾ അൽപം കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. കൂടുതൽ സമയം വെയിലത്ത് ജോലി ചെയ്യുന്നവരിൽ നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങൾ ചുവന്നു തടിക്കുകയും, വേദനയും, പൊള്ളലും ഉണ്ടാവുകയും ചെയ്യും. ഇങ്ങനെയുള്ളവർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അടുത്തുള്ള ആശുപത്രിയുടെ സേവനം പ്രയോജനപ്പെടുത്തണം. സൂര്യാതപത്തെ തുടർന്ന് ശരീരത്തിൽ പൊള്ളലേൽക്കുന്ന ഭാഗത്തുണ്ടാകുന്ന കുമിളകൾ പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

വെള്ളം കുറച്ചു കുടിക്കുന്നവർ, വെയിലത്തും, തുറസായ സ്ഥലങ്ങളിലും പണിയെടുക്കുന്നവർ, മദ്യപാനികൾ എന്നിവരിൽ സൂര്യാഘാത സാദ്ധ്യത കൂടുതലാണ്.

ലക്ഷണങ്ങളിൽ കരുതൽ വേണം

 വളരെ ഉയർന്ന ശരീരതാപം

 വ​റ്റിവരണ്ട ചുവന്ന ചൂടായ ശരീരം

 ക്ഷീണം

 ഓക്കാനവും ഛർദ്ദിയും

 അസാധാരണമായ വിയർപ്പ്

 കഠിനമായ ദാഹം

 ശക്തമായ തലവേദന

 തലകറക്കം

 മന്ദഗതിയിലുള്ള നാഡിമിടിപ്പ്

 മാനസികാവസ്ഥയിലുള്ള മാ​റ്റങ്ങൾ

 അബോധാവസ്ഥ

 മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞനിറം ആകുക

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക

2. ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി നൽകണം

3. വെള്ളം ധാരാളം അടങ്ങിയിട്ടുള്ള പഴങ്ങളും, പച്ചക്കറി, സാലഡുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

4. സൂര്യാഘാതമേറ്റതായി സംശയം തോന്നിയാൽ തണലിലേയ്ക്ക് മാറുക

5. കട്ടി കൂടിയ വസ്ത്രങ്ങൾ ധരിക്കരുത്

6. തണുത്ത വെള്ളം കൊണ്ട് മുഖവും ശരീരവും തുടയ്ക്കുക

7. ഫാൻ, എ.സി, വിശറി എന്നിവ ഉപയോഗിച്ച് ശരീരം തണുപ്പിക്കുക

8. ധാരാളം പാനീയങ്ങൾ കുടിക്കാൻ നൽകുക

9. അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുക

തൊഴിൽ ക്രമീകരണം:

ഏപ്രിൽ 30 വരെ

ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമം

പകൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെയുള്ള സമയത്തിനുള്ളിൽ 8 മണിക്കൂറായി ക്രമീകരിക്കണം. തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലും ഉത്തരവ് നടപ്പാക്കണം.

""

താപനില ഉയരുന്ന സാഹചര്യത്തിൽ സൂര്യാഘാതം ഏൽക്കുന്നത് തടയുന്നതിന് ഏപ്രിൽ 30 വരെ തൊഴിൽ സമയം പുനഃക്രമീകരിച്ചു.

ലേബർ കമ്മിഷണർ