കൊല്ലം: സി.പി.എം നേതൃത്വത്തിലുള്ള സർക്കാരിന് തുടർഭരണം നൽകിയതിന് കേരളത്തിലെ ജനങ്ങൾ ഇപ്പോൾ പശ്ചാത്തപിക്കുകയാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ഭസ്മാസുരന് വരം കൊടുത്തതിന് സമാനമാണ് സി.പി.എമ്മിന് ജനങ്ങൾ തുടർഭരണം നൽകിയത്. ഏത് അധോലോക പ്രവർത്തനവും അഴിമതിയും നടത്താനുളള ലൈസൻസായിട്ടാണ് സി.പി.എം തുടർഭരണത്തെ വിലയിരുത്തുന്നത്. വിയോജിപ്പിന്റെ സ്വരത്തെ ഭയത്തിന്റെ രാഷ്ട്രീയത്തിലൂടെ ഇല്ലായ്മ ചെയ്യുക എന്ന ഫാസിസ്റ്റ് സമീപനമാണ് അവർ സ്വീകരിക്കുന്നത്. കൊല്ലം ജില്ലയിൽ കഴിഞ്ഞ ഒരാഴ്ച അരങ്ങേറിയ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ അതിക്രമങ്ങൾ ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ ആക്രമണത്തിന് ഇരയായ കുപ്പണയിലെ തോപ്പിൽ രവിസ്മാരകം, മാമ്മൂട് കോൺഗ്രസ് ആഫീസ്, അഞ്ചാലുംമൂട് മണ്ഡലം പ്രസിഡന്റ് ബൈജുവിന്റെ വീട് എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന അദ്ദേഹം.