 
കൊല്ലം: കൊട്ടാരക്കരയിൽ നഗരസഭ ആസ്ഥാനമന്ദിര നിർമ്മാണത്തിന് പുറമെ ഹൈടെക് സ്വകാര്യ ബസ് സ്റ്റാൻഡ് നിർമ്മാണത്തിനും തടസങ്ങൾ. ജനുവരി ആദ്യവാരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാറായെങ്കിലും നാളിതുവരെ നിർമ്മാണോദ്ഘാടനം നടത്താൻ കഴിഞ്ഞിട്ടില്ല. ബസ് സ്റ്റാൻഡിലെ ഓട പുനർനിർമ്മാണം തുടങ്ങിയപ്പോഴാണ് വ്യാപക എതിർപ്പുകളുണ്ടായത്. സ്വകാര്യ കെട്ടിടത്തിന്റെ ഉടമയ്ക്ക് വേണ്ടിയാണ് നഗരസഭ ലക്ഷങ്ങൾ മുടക്കി ഓട നിർമ്മിക്കുന്നതെന്നാണ് ആരോപണമുണ്ടായത്.
നഗരസഭയുടെ നടപടിയിൽ പ്രതിഷേധം
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ പിൻഭാഗത്തുകൂടി സ്വകാര്യ ബസ് സ്റ്റാൻഡ് വഴി കടന്നുപോകുന്ന ഓട നവീകരിക്കാതെയാണ് സ്വകാര്യ കെട്ടിടം ഉടമയെ സഹായിക്കാൻ നഗരസഭ നീങ്ങിയതെന്നാണ് ആരോപണം. കക്കൂസ് മാലിന്യം ഉൾപ്പടെ ഇതുവഴി പുലമൺ തോട്ടിലെത്തിച്ചേരുമെന്ന തരത്തിൽ പ്രതിഷേധം രൂക്ഷമായതോടെ നിർമ്മാണം മുടങ്ങി. ഓട തെളിയ്ക്കാൻ വേണ്ടി മൂടി ഇളക്കിയതും മാലിന്യം കോരി ഇട്ടതുമൊക്കെ സ്റ്റാൻഡിന്റെ പ്രവേശന ഭാഗത്ത് വഴിമുടക്കിക്കിടക്കുകയാണ്. നഗരസഭയുടെ ഫണ്ട് മുടക്കിയുള്ള അശാസ്ത്രീയ ഓട നിർമ്മാണത്തിനെതിരെ പരാതികൾ വിവിധ ഇടങ്ങളിൽ എത്തിയതിനാൽ തുടർ പ്രവർത്തനങ്ങളും മുടങ്ങിയിട്ടുണ്ട്. ഇതോടെ സ്വകാര്യ ബസ് സ്റ്റാൻഡിന്റെ വികസന പദ്ധതികളും തുടങ്ങാനാകുന്നില്ല.
ആദ്യഘട്ടത്തിന് 75 ലക്ഷം
കൊട്ടാരക്കരയിൽ ഹൈടെക് സ്വകാര്യ ബസ് സ്റ്റാൻഡ് നിർമ്മാണ പദ്ധതിക്ക് 75 ലക്ഷം രൂപയാണ് ആദ്യഘട്ടമായി അനുവദിച്ചത്. പട്ടണത്തിന്റെ മുഖശ്രീ പ്രകടമാകുംവിധമാണ് ഹൈടെക് ബസ് സ്റ്റാൻഡിന്റെ രൂപകല്പന. പദ്ധതി നടപ്പാകുന്നതോടെ പതിറ്റാണ്ടുകളായി തുടരുന്ന ബസ് സ്റ്റാൻഡിന്റെ ദുരിതാവസ്ഥ മാറും. അന്തർജില്ലാ സർവീസുകളടക്കം നൂറുകണക്കിന് ബസുകൾ വന്നുപോകുന്ന സ്റ്റാൻഡാണിവിടം.ബസുകൾക്കെല്ലാം പാർക്ക് ചെയ്യാനുള്ള സ്ഥലം ഇവിടെ ക്രമീകരിക്കും. ടാറിംഗ് നടത്തിയും വശങ്ങളിൽ ഓടകൾ നിർമ്മിച്ചും തറ വൃത്തിയാക്കും. കച്ചവട സ്ഥാപനങ്ങൾ, ടോയ്ലറ്റുകൾ, വിശ്രമസ്ഥലം, ബസ് കാത്തിരിപ്പ് കേന്ദ്രം തുടങ്ങി എല്ലാ സംവിധാനങ്ങളും ഇവിടെ സജ്ജമാക്കും. എ.ടി.എം കൗണ്ടർ, ടെലിവിഷൻ, മുലയൂട്ടൽ കേന്ദ്രം, വൈഫൈ സംവിധാനം തുടങ്ങി മറ്റ് സൗകര്യങ്ങളുമൊരുക്കും.