p
ഒച്ചിഴയുന്ന വേഗത്തിൽ നിർമ്മാണം നടത്തി വരുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ കെട്ടിട നിർമ്മാണം

മൺറോത്തുരുത്ത്: ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നിർമ്മാണം സ്തംഭനത്തിൽ. രണ്ട് വർഷം മുമ്പ് നിർമ്മാണം ആരംഭിച്ചെങ്കിലും അടിസ്ഥാനവും ഏതാനും പില്ലറുകളും മാത്രമാണ് ഇതുവരെ പൂർത്തിയായത്. നിർമ്മാണം ഇഴഞ്ഞു നീങ്ങിയിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലും ഉണ്ടായില്ല.

മുമ്പ് പ്രാഥമിക ആരോഗ്യം കേന്ദ്രം സ്ഥിതി ചെയ്തിരുന്ന കെട്ടിടം വെള്ളപ്പൊക്കത്തിലും നിരന്തരമായ വേലിയേറ്റത്തിലും ഏത് നിമിഷവും തകരുന്ന അവസ്ഥയിലായി. കെട്ടിടത്തിന്റെ ശോച്യാവസ്ഥയെപ്പറ്റി കേരളകൗമുദി നിരന്തരം വാർത്തകൾ നൽകിയിരുന്നു. ഇതോടെ പ്രാഥമികാരോഗ്യകേന്ദ്രം കുറച്ച് അകലെയുള്ള ഒരു വാടക കെട്ടിടത്തിലേക്ക് മാറ്റി. പഞ്ചായത്തിന്റെ ഇടപെടലിൽ 2018ലെ വെള്ളളപ്പൊക്ക നിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ദേശീയ ആരോഗ്യ മിഷൻ കെട്ടിട നിർമാണത്തിന് ഫണ്ട് അനുവദിച്ചു. നിർമ്മിതികേന്ദ്രം കൺസൾട്ടന്റായി മൂന്നേകാൽ കോടി ചെലവിൽ 2020 ഒക്ടാബറിൽ നിർമ്മാണം ആരംഭിച്ചു. അദ്യഘട്ടത്തിൽ തകൃതിയായി നിർമ്മാണം നടന്നു. എന്നാൽ,​ നിർമ്മാണം സ്തംഭിച്ചതോടെ പില്ലർ കോൺക്രീറ്റ് ചെയ്യാൻ കെട്ടിയിരിക്കുന്ന കമ്പികൾ തുരുമ്പെടുത്ത അവസ്ഥയിലാണ്. ഈ കമ്പികളിൽ കോൺക്രീറ്റ് ചെയ്യുന്നത് കെട്ടിടത്തിന്റെ ബലക്ഷയത്തിന് കാരണമാകും.

ഇപ്പോൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രം സ്ഥലപരിമിതിയാൽ വീർപ്പുമുട്ടുകയാണ്. വാടക കൃത്യമായി കിട്ടാത്തതിനാൽ ഉടമയും വിഷമത്തിലാണ്. മൺറോത്തുരുത്തിലെ ഏക അലോപ്പതി ചികിത്സാ കേന്ദ്രമാണിത്. കെട്ടിട നിർമ്മാണം ഉടൻ പൂർത്തിയാക്കി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം ഇതിലേക്ക് മാറ്റണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

'' മൺറോത്തുരുത്തിലെ നിർദ്ധനരായ രോഗികളുടെ ഏക ആശ്രയമായ പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി നിർമ്മിക്കുന്ന കെട്ടിടം എത്രയും വേഗം പൂർത്തിയാക്കണം''

കുണ്ടറ വയലിൽ മോഹനൻ,

പൊതുപ്രവർത്തകൻ

'' അധികൃതർ ഉണർന്നു പ്രവർത്തിച്ച് പാവപ്പെട്ടവരായ രോഗികൾക്ക് ആശ്രയമായ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നിർമ്മാാണം വേഗം പൂർത്തിയാക്കണം.''

ശോഭാ സുധീഷ്

മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്