photo
മൃഗവേട്ടയിൽ പിടിയിലായവർ

അഞ്ചൽ: വിളക്കുപാറ ഓയിൽ പാം എസ്റ്റേറ്റിൽ മേയാൻ വിടുന്ന കന്നുകാലികളെ വെടിവെച്ച് കൊന്നശേഷം മാംസം കടത്തികൊണ്ട് പോയി വിൽപ്പന നടത്തുന്ന സംഘത്തെ ഏരൂർ എസ്.ഐ. ശരലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തു. ചിതറ, പെരിങ്ങാട് സജീർ മൻസിലിൽ റെജി എന്നറിപ്പെടുന്ന റെജീബ് (35), ഇയാളുടെ പിതാവ് കമറുദ്ദീൻ (62), ചിതറ കൊച്ചാലുംമൂട് ലേഖാ ഭവനിൽ ഹിലാരി (42) എന്നിവരാണ് അറസ്റ്റിലായത്. റജീബ് ഹങ്ക്രി ക്യാപ്ടൻ എന്ന യൂറ്റൂബ് ചാനൽ നടത്തുന്ന ആളാണ്. ഇവരുടെ കൈയ്യിൽ നിന്ന് നാടൻ തോക്കും തിരകളും സ്ഫോടകവസ്തുക്കളും ബൊലോറോ വാഹനവും പിടിച്ചെടുത്തു. സമീപവാസികൾ മേയാനായി കന്നുകാലികളെ എണ്ണപ്പന തോട്ടത്തിലേക്ക് കടത്തിവിട്ടാൽ രണ്ടും മുന്നും ദിവസം കഴിഞ്ഞാണ് തിരികെ വരുന്നത്. പലപ്പോഴും കന്നുകാലികളെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു. ഇതേ തുടർന്ന് പുനലൂർ ഡിവൈ.എസ്.പി. ബി. വിനോദിന്റെ നിർദ്ദേശാനുസരണം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഗ്രേഡ് എസ്.ഐ. മാരായ സജികുമാർ, നിസാറുദ്ദീൻ,എ.എസ്.ഐ കിഷോർ, സി.പി.ഒ മാരായ അനിമോൻ, അനിൽകുമാർ, ദീപക്, അഭിലാഷ്, സിനിൽ തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.