liquor

കൊല്ലം: ബിവറേജസ് കോർപ്പറേഷന്റെ ആശ്രാമത്തുള്ള ഔട്ട്‌ലെറ്റിലെ പ്രീമിയം കൗണ്ടറിൽ നിന്ന് വിദേശമദ്യം മോഷ്ടിച്ചയാളെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി പട. സൗത്ത് ചിറയിൽ വീട്ടിൽ സന്തോഷാണ് (52) പിടിയിലായത്.

കഴിഞ്ഞ 22ന് വൈകിട്ട് 3.30 ഓടെ സന്തോഷ് ആശ്രാമം ഹോക്കി സ്റ്റേഡിയത്തെ പ്രീമിയം കൗണ്ടറിലെത്തി റാക്കിൽ നിന്ന് മദ്യമെടുത്ത് കടന്നു കളയുകയായിരുന്നു. മോഷണത്തിന്റെ സി.സി ടി.വി ദൃശ്യം ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ദൃശ്യം പകർത്തി ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സന്തോഷെത്തിയ കാറിന്റെ നമ്പർ ജീവനക്കാർ നൽകി. ഇതോടെയാണ് പ്രതിയെ വേഗത്തിൽ തിരിച്ചറിഞ്ഞത്. ഈമാസം രണ്ടാമത്തെ മോഷണമാണ് ഔട്ട്ലെറ്റിൽ നടന്നത്. അതുകൊണ്ട് തന്നെ സി.സി ടി.വി കാമറ നിരീക്ഷിക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിച്ചു. ഈമാസം ആദ്യം നടന്ന മോഷണത്തിലെ പ്രതികളായ രണ്ട് യുവാക്കളെ രണ്ടാഴ്ച മുമ്പ് പിടികൂടിയിരുന്നു.