കൊല്ലം: കരുനാഗപ്പള്ളി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്ന സൈക്കിൾ മോഷ്ടിച്ച യുവാവിനെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി. കരുനാഗപ്പള്ളി കല്ലേലിഭാഗം വേങ്ങറ സന്തോഷ് ഭവനിൽ സതീഷ് (38) ആണ് പിടിയിലായത്. കരുനാഗപ്പള്ളി ആലപ്പാട് പുത്തൻകണ്ടത്തിൽ ഗൗരി സുരേഷിന്റെ ലേഡി ബേർഡ് ഇനത്തിൽപ്പെട്ട സൈക്കിളാണ് മോഷ്ടിച്ചത്. ഇക്കഴിഞ്ഞ 14ന് കായംകുളത്ത് പഠിക്കാൻ പോകാനായി രാവിലെ ഗൗരി സൈക്കിൾ സിവിൽ സ്റ്റേഷനിൽ സൂക്ഷിച്ച ശേഷം ബസിൽ കോളേജിലേക്ക് പോയി. തിരികെ എത്തിയപ്പോൾ സൈക്കിൾ മോഷണം പോയെന്ന് മനസിലായി. കോളേജിൽ പോകുന്ന വിദ്യാർത്ഥികൾ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലാണ് സ്ഥിരമായി സൈക്കിൾ സൂക്ഷിക്കുന്നത്. മുമ്പും ഇത്തരത്തിൽ സൈക്കിൾ മോഷണം പോയിട്ടുള്ളതിനാൽ പൊലീസ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ആക്രിക്കടകളിൽ സൈക്കിൾ വിൽക്കുവാൻ വരുന്നവരുടെ വിവരം പൊലീസ് സ്റ്റേഷനിൽ അിറയിക്കുവാനും നിർദേശം നൽകിയിരുന്നു. മോഷ്ടിച്ച സൈക്കിൾ വിൽക്കാൻ സതീഷ് കരുനാഗപ്പള്ളി വെളുത്ത മണലിലുള്ള ആക്രിക്കടയിൽ എത്തി. ഇതോടെ കടയുടമ കരുനാഗപ്പള്ളി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.