 
കൊല്ലം: കൊച്ചുപിലാംമൂട് പാലത്തിന് സമീപം കൊല്ലം തോടിന് കരയിലെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. ചാമക്കടയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തി ഒരു മണിക്കൂർ കൊണ്ടാണ് തീ കെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. ഇവിടെ കുന്നുകൂട്ടിയിരുന്ന പ്ലാസ്റ്റിക്, തെർമോക്കോൾ, ഹോട്ടൽ അവശിഷ്ടങ്ങൾ ഉൾപ്പടെ കത്തിയമർന്നു. തീ പടർന്നതോടെ അസഹ്യമായ ദുർഗന്ധത്തിനൊപ്പം പരിസരത്താകെ പുകയും ഉയർന്നു. ഈമാസം ഇത് രണ്ടാം തവണയാണ് ഇവിടെ തീ പിടിക്കുന്നത്. ബോധപൂർവ്വം തീവച്ചതാണോയെന്ന സംശയവും പൊലീസിനുണ്ട്. വ്യാപകമായി പരാതി ഉയർന്നിട്ടും ഇവിടത്തെ മാലിന്യ നിക്ഷേപം ഒഴിവാക്കാൻ നഗരസഭ തയ്യാറായിരുന്നില്ല.