ukrain

കൊല്ലം: ജീവൻ നഷ്ടമാകാതിരിക്കാൻ യുക്രെയിൻ അതിർത്തികളിലേയ്ക്ക് പായുകയാണ് ഒരു വിഭാഗം ഇന്ത്യക്കാർ. ആയിരക്കണക്കിന് പേരാണ് പ്രാണനുവേണ്ടിയുള്ള പ്രാർത്ഥനുകളുമായി വിവിധ അതിർത്തികൾ തുറക്കുന്നതും കാത്തുകിടക്കുന്നത്. അതിൽ അനവധി മലയാളികൾക്കിടയിൽ ഒരു കൊല്ലം സ്വദേശിയുമുണ്ട്. കൊല്ലം കാവനാട് അനന്തശ്രീയിൽ സുനിൽകുമാറിന്റെ മകൻ അനന്തുകൃഷ്ണൻ.

വിന്നിഷ്യയിലെ നാഷണൽ പിറോഗോവ് മെമ്മോറിയൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷം വിദ്യാർത്ഥിയാണ് അനന്തുകൃഷ്ണൻ. യുക്രെയിന്റെയും റുമാനിയയുടെയും അതിർത്തിയിൽ അനന്തുവിനൊപ്പം അയിരങ്ങളാണ് കനിവ് കാത്തുനിൽക്കുന്നത്. യുദ്ധത്തിന്റെ സൂചനകൾ വന്നപ്പോൾ തന്നെ നാട്ടിലേക്ക് മടങ്ങട്ടേയെന്ന് കോളേജ് അധികൃതരോട് ചോദിച്ചു. അടുത്തമാസം പരീക്ഷ അരംഭിക്കുന്നതിനാൽ ഇപ്പോൾ അനുവദിക്കാനാകില്ലെന്നായിരുന്നു കോളേജ് അധികൃതരുടെ പ്രതികരണം. യുദ്ധം തുടങ്ങിയതോടെ കോളേജ് അധികൃതർ തന്നെ നാട്ടിലേക്ക് മടങ്ങാൻ നിർദ്ദേശിച്ചു. ഇന്നലെ മൂന്ന് ബസുകളായി 150 ഓളം വിദ്യാർത്ഥികളെ 600 കിലോ മീറ്റർ അകലെയുള്ള റുമാനിയൻ അതിർത്തിയിലെത്തിച്ചു.

ഹോസ്റ്റലിൽ നിന്ന് മടങ്ങുമ്പോൾ വാങ്ങിസൂക്ഷിച്ച സാൻഡ് വിച്ചും ചായയും മാത്രമാണ് ഇവരുടെ പക്കലുള്ളത്. അതിർത്തിയിൽ റഷ്യ ആക്രണം നടത്തില്ലെന്ന പ്രതീക്ഷയിലാണ് ഇവർ. ഇവിടെ അച്ഛനമ്മമാരും ബന്ധുക്കളും സർവദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിക്കുകയാണ്. ചിലപ്പോൾ വിളിച്ചാൽ കിട്ടില്ല. ഇതോടെ വീണ്ടും ആശങ്കയാകും. എങ്കിലും വാട്സ്ആപ്പിൽ അനന്ദുവിന്റെ ആശ്വാസ വാക്കുകളെത്തും. '' വിഷമിക്കേണ്ട, ഇവിടെ പ്രശ്നങ്ങളൊന്നുമില്ല, ഞങ്ങൾ സുരക്ഷിതരാണ്. ഇവിടെ ഒത്തിരിപ്പേരുണ്ട്. '' അതിർത്തിയിലെ ചിത്രങ്ങളും വീഡിയോയും അയച്ചുനൽകുന്നുണ്ട്. അപ്പോൾ രക്ഷാകർത്താക്കൾക്ക് ആശ്വാസമാകും. പക്ഷെ മനസിൽ വീണ്ടും ഒരുപാട് ചോദ്യങ്ങൾ നിറയും. അതിർത്തി തുറക്കാൻ വൈകുമോ, അതുവരെ കഴിക്കാൻ ഭക്ഷണം ഉണ്ടാകുമോ, റുമാനിയിലെ വിമാനത്താവളത്തിൽ എങ്ങനെ എത്തും. സർവേശ്വരൻ സഹായിക്കുമെന്ന വിശ്വാസത്തിൽ പ്രാർത്ഥനയിലാണ്. അനന്തുവിന്റേതടക്കം യുക്രെയിനിൽ കുടുങ്ങിയ ആയിരക്കണക്കിന് മലയാളികളുടെ ബന്ധുക്കൾ.