
കൊട്ടിയം: ബി.ജെ.പി നേതാവിന് നേരെ ലഹരി മാഫിയയുടെ ആക്രമണം.
ബി.ജെ.പി ഇരവിപുരം മണ്ഡലം ജനറൽ സെക്രട്ടറിയും മയ്യനാട് പഞ്ചായത്ത്
അംഗവുമായ രഞ്ജിത്തിനാണ് കുത്തേറ്റത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ ഉമയനല്ലൂർ വള്ളിയമ്മ കോവിലിൽ വച്ചാണ് മയക്കുമരുന്ന് സംഘം ആക്രമണം നടത്തിയത്. വള്ളിയമ്മ ക്ഷേത്രത്തിൽ കയറി ലഹരിയിൽ പരസ്പരം ബഹളം ഉണ്ടാക്കുന്നതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് എത്തിയപ്പോഴാണ് മാരകായുധങ്ങളുമായി സംഘടിതമായി ആക്രമണം നടത്തിയത്. കൈയ്ക്കും നെഞ്ചിലും വയറ്റിലും കുത്തേറ്റ രഞ്ജിത്തിനെ മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ സംഘത്തിലെ രണ്ട് പേരെ പിടിച്ചു പൊലീസിന് കൈമാറി.
കൊട്ടിയം പൊലീസ് കേസെടുത്തു.