
കൊല്ലം: യുദ്ധഭരിതമായ യുക്രെയ്നിൽ നിന്ന് ഇന്ത്യയുടെ രക്ഷാവിമാനത്തിലേറി നാട്ടിലെത്തിയ ഓച്ചിറ മണപ്പള്ളി തഴവ സ്വദേശി എ.ആനന്ദ് നാടണഞ്ഞതിന്റെ ആശ്വാസത്തിനിടയിലും ആശങ്കയിലാണ്.
യുദ്ധം നടക്കുന്ന കീവിലും ഖാര്‍കീവിലും കുടുങ്ങി കിടിക്കുന്ന സുഹൃത്തുക്കളെക്കുറിച്ചാണ് ആശങ്ക. യുക്രെയിൻ മന്ത്രാലയം നടത്തുന്ന പരീക്ഷ പാസായാൽ മാത്രമേ ഇനി തുടർ പഠനം നടത്താനാവൂ. ഇതിന്റെ മോഡൽ
പരീക്ഷ എഴുതാനാണ് സീനിയർ വിദ്യാർത്ഥികൾ അവിടെ തുടരുന്നത്. ഇത് എഴുതിയില്ലെങ്കിൽ മെയിൻ പരീക്ഷ എഴുതാൻ അനുവദിക്കില്ല. യുക്രെയ്നിലെ പടിഞ്ഞാറൻ മേഖലയിലെ ചെർണിവിറ്റ്സി നഗരത്തിലെ ബുക്കോവിനിയൻ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ് ആനന്ദ്. ഇവിടെ കൂടുതലും ഇന്ത്യൻ വിദ്യാർത്ഥികളാണ്. റൊമേനിയൻ അതിർത്തി വഴിയാണ് നാട്ടിലേക്ക് എത്തിയത്. താമസിക്കുന്നിടത്ത് നിന്ന് 40 കിലോമീറ്റർ ദൂരമേയുള്ളൂ അതിർത്തിയിലേക്ക്. നിർദ്ദേശം ലഭിച്ചതോടെ 25ന് അവിടെ നിന്ന് ഇറങ്ങി. ബസിൽ പൊലീസ് സുരക്ഷയോടെയാണ് വന്നത്. യൂണിവേഴ്സിറ്റി ഡീനും ഒപ്പമുണ്ടായിരുന്നു. അതിർത്തിയിൽ ഇന്ത്യക്കാർ മാത്രമല്ല. രാജ്യം വിടുന്ന യുക്രയ്നികളും ഉണ്ടായിരുന്നു. എട്ട് മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നു.
പടിഞ്ഞാറൻ മേഖലയിലേക്ക് യുദ്ധം വ്യാപിച്ചില്ലെങ്കിലും ജീവിതം ദുസഹമാക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ പെട്ടെന്ന് തന്നെ എത്തി.
ബാങ്കിംഗ് സംവിധാനം തകരാറിലായി. ഓൺലൈൻ സംവിധാനവും എ.ടി.എമ്മുകളും പ്രവർത്തിക്കാതെയായി. പട്ടാള നിയമം പ്രഖ്യാപിച്ചതോടെ കടകളെല്ലാം അടച്ചു. ഡോളർ കൈയിലുണ്ടായിരുന്നു. പക്ഷേ മണി എക്സ്ചേഞ്ച് ഓഫീസുകളിൽ കറൻസി ക്ഷാമം രൂക്ഷമായിരുന്നു. സാധനങ്ങളൊക്കെ തീർന്നു തുടങ്ങിയെന്നും ആനന്ദ് ആശങ്കയോടെ പറയുന്നു.