
ഉദയം പദ്ധതിപ്രകാരം 6000 എൽ.ഇ.ഡി
തെരുവുവിളക്കുകൾ ഉടൻ സ്ഥാപിക്കും
കൊല്ലം: നഗരത്തിലെ തെരുവുവിളക്കുകളിൽ ഒരു ഭാഗം എൽ.ഇ.ഡിയാക്കാൻ ഉദയം പദ്ധതിയുമായി നഗരസഭ. എല്ലാ ഡിവിഷനുകളിലും നൂറ് പരമ്പരാഗത തെരുവുവിളക്കുകളും പ്രധാന ജംഗ്ഷനുകളിലെ ലൈറ്റുകളും എൽ.ഇ.ഡി ആക്കുകയാണ് നഗരസഭയുടെ ലക്ഷ്യം.
രണ്ട് കോടി രൂപയാണ് ഇതിനായി നഗരസഭ നീക്കിവച്ചിരിക്കുന്നത്. സാങ്കേതിക അനുമതി വാങ്ങി മാർച്ച് അവസാനത്തോടെ പദ്ധതി പൂർത്തിയാക്കുകയാണ് നഗരസഭയുടെ ലക്ഷ്യം. നിലവിൽ നഗരസഭ ചെറിയ തോതിൽ മാത്രമാണ് എൽ.ഇ.ഡി ലൈറ്റുകൾ വാങ്ങുന്നത്. കൂടുതലായി വാങ്ങുന്നത് സോഡിയം വേപ്പർ ലാമ്പുകളാണ്. അതുകൊണ്ട് തന്നെ വൈദ്യുതി ചാർജ്ജിൽ കാര്യമായ കുറവ് സംഭവിച്ചിട്ടില്ല. എല്ലാ തെരുവ് വിളക്കുകളും എൽ.ഇ.ഡിയാക്കാൻ ഇ- സ്മാർട്ട് എന്ന സ്വകാര്യ കമ്പിനിയുമായി ഉണ്ടാക്കിയ കരാർ പ്രതിസന്ധിയിലാണ്. ഇതിന് പുറമേ തെരുവുവിളക്കുകൾ എൽ.ഇ.ഡിയാക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലാവ് പദ്ധതിയും നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ്.
മറ്റ് പദ്ധതികളെ ആശ്രയിക്കാതെ നഗരസഭയുടെ പ്ലാൻ ഫണ്ട്, തനത് ഫണ്ട്, എം.എൽ.എ, എം.പി എന്നിവരുടെ പ്രാദേശിക വികസന ഫണ്ട് എന്നിവ വിനിയോഗിച്ച് എല്ലാ തെരുവ് വിളക്കുകളും ഘട്ടംഘട്ടമായി എൽ.ഇ.ഡിയാക്കാനാണ് നഗരസഭയുടെ ഇപ്പോഴത്തെ ആലോചന. ഇതോടെ വൈദ്യുതി ചാർജ്ജിനൊപ്പം തെരുവ് വിളക്കുകൾ ഇടയ്ക്കിടെ അണഞ്ഞ് സ്ഥിരമായി അറ്രകുറ്രപ്പണി നടത്തേണ്ട സാഹചര്യവും ഒഴിവാകുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ. എന്നാൽ, സ്ട്രീറ്റ് മെയിൻ കണക്ഷനുകളുള്ള വൈദ്യുതി പോസ്റ്റുകളിലെ തെരുവുവിളക്ക് സെറ്റുകൾ പലതും കാലപ്പഴക്കം ഉള്ളവയാണ്. ഇവ മാറ്റി സ്ഥാപിക്കാതെ എൽ.ഇ.ഡി സ്ഥാപിച്ചാലും അറ്റകുറ്റപ്പണി ഒഴിവാകില്ലെന്ന് ആരോപണമുണ്ട്.
ഇ- സ്മാർട്ടുമായുള്ള കരാർ റദ്ദായ അവസ്ഥയാണ് ഇപ്പോഴുള്ളത്. മാർച്ച് അവസാനത്തോടെ എല്ലാ ഡിവിഷനുകളിലും കൂടുതൽ എൽ.ഇ.ഡി വിളക്കുകൾ ഇടുന്നതോടെ നിലവിലെ തെരുവുവിളക്ക് പ്രശ്നത്തിന് വലിയഅളവിൽ പരിഹാരമാകും.
അഡ്വ. ജി. ഉദയകുമാർ
നഗരസഭ മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ