കൊല്ലം: പീരങ്കി മൈതാനത്ത് കളക്ട്രേറ്റ് അനക്സ് അടക്കം യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളും അനുവദിക്കരുതെന്ന് ​എൽ.​ഡി.എഫ്​ ജില്ലാ നേതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടു. കോർപ്പറേഷന്റെ അനുമതിയില്ലാതെ, എകപക്ഷീയമായി കളകട്രേറ്റ് അനക്സ് നിർമ്മിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല.

ഒട്ടേറെ രാഷ്ട്രീയ മുന്നേറ്റങ്ങൾക്കൊണ്ട് ശ്രദ്ധേയമാണ്​ പീരങ്കി മൈതാനം. 1938 ൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ദേശാഭിമാനികൾക്ക് നേരെ ബ്രിട്ടീഷ് സൈന്യം നടത്തിയ വെടിവെയ്പ്പിൽ ആറു പേരാണ്​ രക്തസാക്ഷികളായത്​. ദളിത് സ്ത്രീകളുടെ സംഗമത്തിൽ കല്ലുമാല പൊട്ടിച്ചെറിഞ്ഞ സാമൂഹിക മുന്നേറ്റത്തിന്റെ കേന്ദ്രം കൂടിയാണിത്. നഗരത്തിലെ തുറസ്സായി കിടക്കുന്ന ആശ്രാമം,പീരങ്കി മൈതാനങ്ങൾ പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിന് അനിവാര്യമാണ്. ​ആശ്രാമം മൈതാനത്തും ഇനി നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ല.

സാമൂഹിക,രാഷ്ട്രീയ, സാംസ്കാരിക,വ്യാപാര, വാണിജ്യ പരിപാടികൾക്ക്​ ജില്ലാ കേന്ദ്രത്തിലെ ഈ മൈതാനങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അതിനാൽ ഇവിടെയും ആശ്രാമം ജൈവ വൈവിദ്ധ്യ മേഖലകളിലും നിർമ്മാണ പ്രവർത്തനങ്ങൾ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനം കൈക്കൊള്ളണം. കോടതി സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിച്ചിരിക്കുന്നതിനാൽ സിവിൽ സ്റ്റേഷനിൽ 13 കോടതികളും അനുബന്ധ ആഫീസുകളും ഒഴിയുന്നതിനാൽ കളക്ട്രേറ്റ് അനക്സ് നഗരകേന്ദ്രത്തിൽ ആവശ്യമില്ല. ഇക്കാര്യങ്ങൾ പരിശോധിക്കാതെയും ബന്ധപ്പെട്ടവരുമായി ആശയ വിനിമയം നടത്താതെയുമാണ്​ പീരങ്കി മൈതാനം നിർമ്മാണത്തിന് തിരഞ്ഞെടുത്തതെന്ന്​ നേതാക്കൾ പറഞ്ഞു. കൺവീനർ എൻ.അനിരുദ്ധൻ, സി.പി.എം ജില്ല സെക്രട്ടറി എസ്.സുദേവൻ, അഡ്വ. ജി.ലാലു, തൊടിയിൽ ലുക്ക്​മാൻ, ജി.പത്മാകരൻ, കടവൂർ സി.എൻ.ചന്ദ്രൻ, അഡ്വ.എസ്​.രാജു, പെരിനാട്​ വിജയൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പ​ങ്കെടുത്തു.