
കൊട്ടാരക്കര: എം.സി റോഡിൽ കൊട്ടാരക്കര ലോവർ കരിക്കത്ത് ബൈക്ക് സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. കൊട്ടാരക്കര തൃക്കണ്ണമംഗൽ പൊയ്കയിൽ വീട്ടിൽ ജോയിച്ചനാണ് (റിട്ട. ജെ.സി.ഒ, 63) മരിച്ചത്.
ഇന്നലെ രാവിലെ 9 ഓടെ കരിക്കത്ത് പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം. ബൈക്കിലുണ്ടായിരുന്ന പുനലൂർ സ്വദേശി ശ്രീനാഥ് (23), ആഷിക്ക് (21) എന്നിവരെ പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ഭാഗത്ത് നിന്നെത്തിയതാണ് ബൈക്ക്. എതിരെ സ്കൂട്ടർ പെട്രോൾ പമ്പിലേക്ക് തിരിയുമ്പോഴാണ് ബൈക്ക് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ജോയിച്ചനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എറണാകുളം കല്ലൂരിൽ ട്രാഫിക് ഹോം ഗാർഡ് സൂപ്പർ വൈസറായിരുന്നു ജോയിച്ചൻ. ഭാര്യ: റോസമ്മ ജോയി. മക്കൾ: ജാൻസി സുരേഷ്, റെനി ബിബു. മരുമക്കൾ: അഡ്വ.സുരേഷ് നായർ, ഹവിൽദാർ ബിബു ജോർജ് (രാജസ്ഥാൻ). സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് തൃക്കണ്ണമംഗൽ ശാലേം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.