ഏരൂർ: തനിച്ച് താമസിച്ചിരുന്ന മദ്ധ്യവയസ്കയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. വിളക്കുപാറ പാറവിള വീട്ടിൽ വത്സലയുടെ (55) മൃതദേഹമാണ് ഞായറാഴ്ച വൈകിട്ട് കിടപ്പുമുറിയിൽ കണ്ടെത്തിയത്. വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വാർന്ന നിലയിലാണ്. അർദ്ധനഗ്നയായ രീതിയിൽ കാൽമുട്ടുകൾ ഉയർത്തിവച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ രക്തപ്പാടുകൾ കണ്ടതോടെയാണ് നാട്ടുകാർ സംശയം ഉന്നയിച്ചത്. മൃതദേഹം കിടന്ന സ്വിച്ച് ബോഡിലും രക്തക്കറ കണ്ടെത്തിയിരുന്നു.
ചില സൂചനകൾ ലഭിച്ചതായാണ് അറിയുന്നത്. പുനലൂർ ഡിവൈ.എസ്.പി ബി. വിനോദിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. അഞ്ചൽ സർക്കിൾ ഇൻസ്പെക്ടർ ജി. ഗോപകുമാറും സംഘവും സ്ഥലത്ത് പരിശോധന നടത്തി. വത്സലയുടെ മകൻ, ബന്ധുക്കൾ, നാട്ടുകാർ എന്നിവരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.