തൊടിയൂർ: ഇടക്കുളങ്ങര എഫ്.സി.സി.ഐ ഡിപ്പോയ്ക്ക് പടിഞ്ഞാറു ഭാഗത്തെ ചതുപ്പ് പ്രദേശത്തെ താമസക്കാരുടെ യാത്രാ ദുരിതത്തിന് അറുതിയാകുന്നു. മഴക്കാലത്ത് വെള്ളത്തിൽ മുങ്ങിപ്പോകുന്ന ഇവിടെ ഓട നിർമ്മിച്ച് സ്ലാബ് ഇടണമെന്ന നിരവധി വർഷങ്ങളായുള്ള ആവശ്യമാണ് സഫലമാകുന്നത്.
ഡിവിഷൻ മെമ്പർ അഡ്വ.സുധീർ കാരിക്കലിന്റെ ശ്രമഫലമായി ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി അനുവദിച്ച 43,96,600 രൂപ വിനിയോഗിച്ചാണ് ഇവിടെ നിർമ്മാണം നടത്തുന്നത്. തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ,വൈസ് പ്രസിഡന്റ് സലീം മണ്ണേൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.രാജീവ്, ഗീതാകുമാരി, അംഗങ്ങളായ സുധീർ കാരിക്കൽ, സുനിത അശോകൻ, ഗ്രാമ പഞ്ചായത്തംഗം ടി. സുജാത എന്നിവർ ചേർന്ന് നിർമ്മാണ പ്രവർത്തനങ്ങൾക്ക് കല്ലിടീൽ കർമ്മം നിർവഹിച്ചു.