തൃശൂർ : കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ താഴെത്തട്ടിലുള്ള പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്തും. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, കെ.രാജൻ, ഡോ.ആർ.ബിന്ദു, ജില്ലാ കളക്ടർ ഹരിത വി.കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഓൺലൈനായി ചേർന്ന കൊവിഡ് അവലോകനയോഗത്തിലായിരുന്നു തീരുമാനം. പഞ്ചായത്ത് തലം മുതൽ നടക്കുന്ന പ്രതിരോധ പ്രവർത്തനം പഴുതടച്ചതാക്കും. മൂന്നാം തരംഗത്തിൽ ഹോം ഐസൊലേഷൻ കൂടുതലായതിനാൽ ടെലിമെഡിസിന് കൂടുതൽ ഊന്നൽ നൽകും. വ്യാപനത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആർ.ആർ.ടികളെ ഉപയോഗിച്ച് ബോധവത്കരണവും ചികിത്സയിലിരിക്കുന്നവർക്ക് വേണ്ട സഹായവും നൽകും. അതിഥി തൊഴിലാളികളുടെ കേന്ദ്രത്തിൽ പരിശോധന കൂടുതൽ ശക്തമാക്കും.
യോഗം ചേരും
മതനേതാക്കൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വ്യാപാരവ്യവസായികൾ എന്നിവരുടെ യോഗം ചേർന്ന് ബോധവത്കരണം ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി. ആശുപത്രികളിലെ ഓക്‌സിജൻ ലഭ്യതയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. കൊവിഡ് ചികിത്സ കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കും. നിലവിൽ വടക്കാഞ്ചേരി, ചാവക്കാട്, താലൂക്ക് ആശുപത്രികൾ, പെരിഞ്ഞനം പി.എച്ച്.സി എന്നിവിടങ്ങളിൽ കൂടി കൊവിഡ് ചികിത്സ ആരംഭിച്ചിട്ടുണ്ട്. തൃശൂർ ജനറൽ ആശുപത്രിയിൽ 50 ബെഡുകൾ സി കാറ്റഗറി രോഗികൾക്കായി നീക്കി വെച്ചിട്ടുണ്ട്. കൂടുതൽ സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സ ആരംഭിക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്. പോസിറ്റീവ് ആകുന്ന ഗർഭിണികൾ, ഡയാലിസിസിന് വിധേയരാകുന്നവർ തുടങ്ങിയവർക്ക് അവരെ ചികിത്സിക്കുന്ന ആശുപത്രികളിൽ തന്നെ കോവിഡ് ചികിത്സ നൽകണമെന്നും യോഗം നിർദ്ദേശം നൽകി. പരിശോധനാ ഫലം വൈകുന്നത് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കും. മേയർ എം.കെ വർഗീസ്, എം.എൽ.എമാരായ എ.സി മൊയ്തീൻ, കെ.കെ രാമചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, എൻ.കെ അക്ബർ, വി.ആർ സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ, അസിസ്റ്റന്റ് കളക്ടർ സുഫിയാൻ അഹമ്മദ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഐ.ജെ മധുസൂദനൻ, ഡി.എം.ഒ ഡോ.എൻ.കെ കുട്ടപ്പൻ തുടങ്ങിയവർ പങ്കെടുത്തു.