
തൃശൂർ : സേവനങ്ങളെല്ലാം ഓൺലൈനിലാണ്, പക്ഷേ ലാപ്പ്‌ടോപ്പുകളെല്ലാം അട്ടത്ത് കയറ്റാറായ നിലയിലും. ജില്ലയിൽ വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം നടപ്പിലായി വന്നപ്പോൾ ഓഫ് ലൈനിലേക്കാണ് പോകുന്നത്.
കാലാവധി കഴിഞ്ഞ ലാപ്പ് ടോപ്പുകളുമായാണ് ഭൂരിഭാഗം വില്ലേജ് ഓഫീസർമാരും പ്രവർത്തിക്കുന്നത്. 255 വില്ലേജ് ഓഫീസുകളിൽ നാൽപതോളം വില്ലേജുകളിലെ ലാപ്പ് ടോപ്പുകൾ പ്രവർത്തന രഹിതമായ നിലയിലാണ്. 2013 ലാണ് വില്ലേജ് ഓഫീസർമാർക്ക് ലാപ്പ് ടോപ്പ് നൽകിയത്. കാലാവധി കഴിഞ്ഞതിനാൽ തകരാർ പരിഹരിച്ച് ഉപയോഗിക്കാവുന്നവയല്ലെന്നും പുതിയ ലാപ്പ് ടോപ്പ് അനുവദിക്കണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം.
സർട്ടിഫിക്കറ്റ് വിതരണം, നികുതി സ്വീകരിക്കൽ, തണ്ടപ്പേർ അക്കൗണ്ട് അനുവദിക്കൽ, ബിൽഡിംഗ് ടാക്‌സ് നിർണ്ണയം, റവന്യൂ റക്കവറി എന്നിങ്ങനെയുള്ള ജോലികൾ വില്ലേജ് ഓഫീസിൽ ഓൺലൈനായാണ് നിർവഹിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായം, കൊവിഡ് ധനസഹായം, കാൻസർ പെൻഷൻ, വോട്ടർപട്ടികയിൽ പേരുചേർക്കൽ, ഭൂമി തരംമാറ്റം എന്നീ അപേക്ഷകളിൽ റിപ്പോർട്ട് നൽകുന്നതും ഓൺലൈനായാണ്.
നികുതി സ്വീകരിക്കൽ ഓൺലൈനായതോടെ പിടിപ്പത് പണിയാണെന്ന് വില്ലേജ് ഓഫീസ് അധികൃതർ പറയുന്നു. പലരും പകലും രാത്രിയുമായാണ് ജോലി ചെയ്തു തീർക്കുന്നത്. ഉപകരണം പണിമുടക്കുന്നതോടെ ജനങ്ങൾക്ക് കൃത്യസമയത്ത് സേവനം ലഭ്യമാക്കാനുമാകുന്നില്ല. ഫീൽഡ് അസിസ്റ്റന്റിന് വരെ നികുതി ഓൺലൈനിൽ സ്വീകരിക്കാൻ അനുമതി നൽകിയെങ്കിലും അതിനാവശ്യമായ സാങ്കേതിക ഉപകരണം നൽകാൻ തയ്യാറായിട്ടില്ല. ഓരോ വില്ലേജ് ഓഫീസിലും ചുരുങ്ങിയത് രണ്ട് ക്ലറിക്കൽ സ്റ്റാഫെങ്കിലും ഉണ്ടാകും. ഇവർക്ക് പ്രവർത്തിക്കുന്നതിന് കമ്പ്യൂട്ടറുകളും മറ്റും ഇല്ലായെന്ന പരാതി വ്യാപകമാണ്. പല സ്ഥലത്തും ഓരോ കമ്പ്യൂട്ടറുകളും മറ്റുമാണ് നൽകിയിരിക്കുന്നത്. മുകുന്ദപുരം താലൂക്കിൽ പൊറത്തിശ്ശേരി, മനവലശ്ശേരി, പുത്തൻചിറ, ആമ്പല്ലൂർ, കല്ലൂർ, പറപ്പൂക്കര, നെന്മണിക്കര, പടിയൂർ എന്നിവിടങ്ങളിലാണ് ലാപ്ടോപ് തകരാറിലായിട്ടുള്ളത്. ഇതുപോലെ തൃശൂർ താലൂക്കിൽ ഏഴിടത്തും, ചാലക്കുടിയിൽ ആറിടത്തും കുന്നംകുളം, തലപ്പിള്ളി താലൂക്കിൽ അഞ്ച് വില്ലേജിലും ചാവക്കാട്, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ നാലിടത്തുമാണ് ലാപ്ടോപ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
വില്ലേജ് ഓഫീസുകളിൽ നിലവിലുള്ള കംപ്യൂട്ടർ സംവിധാനം ഓൺലൈൻ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് പര്യാപ്തമല്ലാത്തതിനാൽ എല്ലാ വില്ലേജ് ഓഫീസുകളിലേക്കും മൂന്ന് കംപ്യൂട്ടറുകളും ഒരു മൾട്ടി പ്രിന്ററും ഇൻവർട്ടർ സഹിതം അനുവദിക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്.
എം.എം.നൗഷാദ്
റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോ.