
തൃശൂർ: ഡിസംബറിലും പെയ്തു തിമിർത്ത മഴയ്ക്കും കെടുതികൾക്കും പിന്നാലെ കടുത്ത ചൂടിലേക്ക് സംസ്ഥാനം കടക്കുമ്പോൾ വീണ്ടും ആശങ്കയുടെ നിഴലിലാണ് കാർഷികമേഖല. മാവും പ്‌ളാവും കവുങ്ങും കോൾമേഖലയിലെ നെൽക്കൃഷിക്കുമെല്ലാം കടുത്ത ചൂട് തിരിച്ചടിയാകും. എന്നാൽ കൊടുംചൂടിലും വിളവ് കുറയാതെ മലയാളിയ്ക്ക് താങ്ങും തണലുമാകുമായിരുന്ന കശുമാവ് കൃഷിയെ പ്രോത്സാഹിപ്പിക്കാനുളള നടപടികൾ നടക്കുന്നുമില്ല.
ആഗോളതാപന സാഹചര്യത്തിൽ ഒട്ടുമിക്ക വിളകളുടെയും നിലനിൽപ്പും പരിചരണവും പ്രതിസന്ധികളെ അഭിമുഖീകരിച്ചപ്പോൾ അതിലൊന്നും കുലുങ്ങാതെ, പതറാതെ നിലകൊണ്ടത് കശുമാവായിരുന്നു. ചൂടുള്ള കാലാവസ്ഥ കശുമാവിന് അനുയോജ്യമാണ്. സമുദ്രനിരപ്പിനോടടുത്ത് വളരും. തണുത്ത കാലാവസ്ഥയുള്ള ഉയർന്ന മലമടക്കുകളിൽ കശുമാവിന്റെ സാന്നിദ്ധ്യം പ്രായേണ കുറവായിരുന്നു. ചൂട് ഏറിവന്നപ്പോൾ മലയോര മേഖലകളിലും കശുമാവ് വളർന്നിരുന്നു. പൂവിടുന്ന കാലത്ത് അപ്രതീക്ഷിതമായി ചെയ്യുന്ന മഴ മാത്രമാണ് കായ് പിടുത്തത്തെ അടിതെറ്റിക്കുന്നത്. കാലം തെറ്റിയ മഴയും, മൂടിക്കെട്ടിയ അന്തരീക്ഷവുമില്ലെങ്കിൽ കർഷകന് വലിയ സഹായകമാകുന്ന വിളയാണിത്. മൂടിക്കെട്ടിയ കാലാവസ്ഥയിൽ ഉണ്ടാകുന്ന തേയിലക്കൊതുക് എന്ന കീടത്തിന്റെ ആക്രമണം മാത്രമാണ് ഒരേയൊരു വെല്ലുവിളി. തൃശൂരിലെ മാടക്കത്തറ, സദാനന്ദപുരം (കൊട്ടാരക്കര), ആനക്കയം, അമ്പലവയൽ, പരിയാരം (കണ്ണൂർ), പീലിക്കോട് എന്നിവിടങ്ങളിലാണ് കശുമാവ് തോട്ടങ്ങളുള്ളത്. കശുവണ്ടിയ്ക്ക് ഡിമാൻഡ് കൂടുമ്പോഴും കശുമാവ് തോട്ടങ്ങൾ ഇല്ലാതാവുകയാണ്.
കശുമാവിന്റെ തളിരിടൽ, പൂവിടൽ കായ് പിടുത്തം തുടങ്ങിയവ ആദ്യം ആരംഭിക്കുന്നതായിക്കണ്ടത് കേരളത്തിന്റെ തെക്കേ അറ്റത്തുള്ള സദാനന്ദപുരത്താണ്. വടക്കോട്ടുപോകുന്തോറും വൈകുന്നുണ്ട്. ഹോപ്കിൻസ് ജൈവകാലാവസ്ഥാനിയമപ്രകാരം, തെക്കുനിന്ന് വടക്കോട്ട് ഒരോ ഡിഗ്രി അക്ഷാംശം ഭേദിക്കുമ്പോഴൊ, അല്ലെങ്കിൽ കിഴക്ക് നിന്ന് പടിഞ്ഞാറേയ്ക്ക് ഓരോ അഞ്ച് ഡിഗ്രി രേഖാംശം നീങ്ങുന്ന മുറയ്‌ക്കോ, സമുദ്രനിരപ്പിൽ നിന്നും ഓരോ 120 മീറ്റർ (400 അടി) ഉയരം കൂടുമ്പോഴൊ ചില വൃക്ഷങ്ങളിലെ തളിരിടൽ, പൂവിടൽ, കായ്പിടുത്തം, വിളവെടുപ്പ് തുടങ്ങിയ പ്രക്രിയകളിൽ 4 ദിവസം വരെ ക്രമാനുഗതമായ വൈകൽ കാണുന്നുണ്ട്. എന്തായാലും കേരളത്തിന് ഏറെ അനുയോജ്യമായ വിളയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്.
ഡോ. ഗോപകുമാർ ചോലയിൽ
കാലാവസ്ഥാ ഗവേഷകൻ