ചേർപ്പ്: പനമ്പ് കൊണ്ട് മറച്ച കുടിലിന് മുന്നിൽ ദേശീയപതാകയ്ക്ക് സല്യൂട്ട് നൽകിയ മുത്തശ്ശിയുടെയും കൊച്ചുമക്കളുടെയും ദൃശ്യം വൈറലായതിന് പിന്നാലെ കുടുംബത്തിന് സാന്ത്വനകരങ്ങൾ നീട്ടി സമൂഹം. ചേർപ്പ് ചെറുചേനം വെള്ളുന്നപറമ്പിൽ വിജയന്റെ ഭാര്യ അമ്മിണിയും പേരക്കുട്ടികളും ചേർന്ന് ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ കൂടിലിന് മുന്നിൽ ദേശീയപതാക ഉയർത്തുന്നത് കണ്ടത് ലക്ഷക്കണക്കിന് പേരാണ്.
ഹൃദയം കൊണ്ടുള്ള ഇവരുടെ സല്യൂട്ട് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെ ചലച്ചിത്ര സംവിധായകൻ മേജർ രവി ഉൾപ്പെടെയുള്ള പ്രമുഖർ ഇവരുടെ കൊച്ചുവീട് പുതുക്കിപ്പണിയുന്നതിനുള്ള സഹായം വാഗ്ദാനം ചെയ്തു. അമ്മിണിയും കൊച്ചുമക്കളായ വിസ്മയ, വിവേക്, വൈൻ, ശ്രീലക്ഷമി, ശ്രീനന്ദ്, ശിവഹരി, ശിവാത്മിക എന്നിവർ ചേർന്നാണ് മുറ്റത്ത് ഉറപ്പിച്ച മുളവടി കൊടിമരമാക്കി ദേശീയ പതാക ഉയർത്തിയത്.
വിജയന്റെ മൂത്ത മകളും ചേർപ്പ് സി.എൻ.എൻ സ്‌കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയുമായ വിസ്മയയാണ് പതാക ഉയർത്തുന്ന വീഡിയോ മൊബൈലിൽ പകർത്തിയത്. പതാക ഉയർത്തുന്നതിന്റെ വാർത്താചിത്രങ്ങൾ പ്രചരിച്ചതോടെ നിരവധിപ്പേരുടെ ആദരവും ഇവരെ തേടിയെത്തി.