 
ചേർപ്പ്: ജൈവക്കൃഷിയുടെ സന്ദേശം പുതുതലമുറയ്ക്ക് പകർന്ന് കൃഷിയിൽ സ്വയം പര്യാപ്ത നേടുകയാണ് ചേർപ്പ് പെരുമ്പിള്ളിശേരി വീട്ടിൽ പി.കെ. ഉണ്ണിക്കൃഷ്ണനും കുടുംബവും. കൃഷിയിടത്തിൽ വിത്തിറക്കുന്നതും വിളകൾ പരിപാലിക്കുന്നതും സ്വന്തം മകൾ ശ്രേയ കൃഷ്ണയും, ജ്യേഷ്ഠ സഹോദരന്റെ മകൻ ശ്രേയസ് ഗിരിയും. ചേർപ്പ് സി.എൻ.എൻ ഗേൾസ് എൽ.പി സ്കൂളിൽ പി.ടി.എ പ്രസിഡന്റായിരിക്കുന്ന സമയത്താണ് ഉണ്ണിക്കൃഷ്ണൻ കൃഷിയിൽ സജീവമാകുന്നത്. സ്കൂളിൽ വിദ്യാർത്ഥികൾക്കായി നടത്തിയിരുന്ന സ്വയം പര്യാപ്ത കൃഷി പ്രവൃത്തികളിൽ അദ്ധ്യാപകർക്കൊപ്പം ഉണ്ണിക്കൃഷ്ണനും പങ്കാളിയായി. അങ്ങനെ വീട്ടിൽ ജൈവകൃഷിയിടം ഒരുക്കാമെന്നായി. ഇപ്പോൾ ഇവരുടെ വീട്ടുപറമ്പിൽ നിരവധിയിനങ്ങളാണ് വിളഞ്ഞ് നിൽക്കുന്നത്. കൂർക്ക, കോളിഫ്ലവർ , തക്കാളി, കപ്പ എന്നിവയുടെ വിളവെടുപ്പ് കഴിഞ്ഞ ദിവസം നടന്നു. ബീറ്റ്റൂട്ട്, ചീര, പയർ, പച്ചമുളക്, വെണ്ട, ചോളം എന്നിവയും കൃഷിയിടത്തിൽ യഥേഷ്ടം വളർന്നുനിൽക്കുന്നു. സ്വകാര്യ ബാങ്കിലെ ഗോൾഡ് അപ്രൈസറാണ് ഉണ്ണിക്കൃഷ്ണൻ.
കൃഷിയിടത്തിലെ കുട്ടിക്കർഷകർ ഇവർ
ചേർപ്പ് സി.എൻ.എൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ഉണ്ണികൃഷ്ണന്റെ മകൾ ശ്രേയ കൃഷ്ണയും, ജ്യേഷ്ഠ സഹോദരന്റെ മകൻ ശ്രേയസ് ഗിരിയുമാണ് കൃഷിക്ക് മേൽനോട്ടം വഹിക്കുന്നത്. ദിവസേനയുള്ള പഠനത്തിന് ശേഷം ഇരുവരും വീട്ടിലെ കൃഷിയിടത്തിലേക്ക് ഇറങ്ങും. ഉണ്ണിക്കൃഷ്ണന്റെ കൃഷി രീതികൾ കണ്ടു മനസിലാക്കിയാണ് ഇരുവരും കൃഷിയിൽ തത്പരരായത്. വിളവെടുക്കുന്ന പച്ചക്കറികൾ കുടുംബാംഗങ്ങൾക്കും, സുഹൃത്തുക്കൾക്കും, അയൽവാസികൾക്കുമാണ് നൽകുകയെന്ന് ശ്രേയസും, ശ്രേയകൃഷ്ണയും പറയുന്നു. ജൈവ പച്ചക്കറി ഉത്പാദന മികവിന് ശ്രേയ കൃഷ്ണയ്ക്ക് ചേർപ്പ് പഞ്ചായത്ത് വിദ്യാർത്ഥി കാർഷിക മിത്രം അവാർഡ് ലഭിച്ചിട്ടുണ്ട്. കൃഷിയോടോപ്പം നൃത്ത സംഗീത രംഗത്തും പ്രതിഭ തെളിയിച്ചവരാണ് ഇരുവരും.