medical


തൃശൂർ : ഒരു കോടിയോളം രൂപയുടെ കുടിശികയായതോടെ, മെഡിക്കൽ കോളേജിലെ എച്ച്.ഡി.എസ് കാന്റീൻ പൂട്ടി. കുടിശിക തീർക്കാത്തപക്ഷം അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ മുതൽ അടച്ചത്. കരാറുകാരൻ കരാർ എടുത്ത നാൾ മുതൽ വാടക കൊടുക്കുന്ന കാര്യത്തിൽ വീഴ്ച വരുത്തിയിട്ടുണ്ട്. വാടക വാങ്ങിയെടുക്കുന്നതിൽ ഉത്തരവാദപ്പെട്ട ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവർ അനാസ്ഥ വരുത്തിയതാണ് ഇത്രയും വലിയ കുടിശിക ഉണ്ടാകാൻ കാരണമെന്നാണ് ആക്ഷേപം. നേരത്തെ ഇയാൾക്ക് കൊവിഡ് കാലം പരിഗണിച്ച് കാലാവധി നീട്ടി നൽകിയിരുന്നു. ഇയാൾ തന്നെയാണ് ഹൗസ് സർജൻസ് മെസ് നടത്തുന്നത്.
വാടക പോലും നൽകാതെയാണ് പ്രവർത്തിച്ചിരുന്നത്. വൈദ്യുതി, വെള്ളം എന്നിവയും സൗജന്യമാണ്. എച്ച്.ഡി.എസ് കാന്റീൻ തയ്യാറാക്കുന്ന ഭക്ഷണം തന്നെയാണ് ഇവിടെ നൽകുന്നത്. പലപ്പോഴും കാന്റിൻ ടെൻഡർ വിളിക്കുന്നതിൽ വ്യാപകമായ ആക്ഷേപങ്ങളാണ് ഉയരുന്നത്. കരാർ കലാവധി അവസാനിക്കുന്ന സമയം കൃത്യമായി അറിയാമായിരുന്നിട്ടും ടെൻഡർ വിളിക്കാതെ നിലവിലെ ആളുകൾക്ക് മാസങ്ങളോളം നീട്ടി നൽകുന്ന രീതിയും ഉണ്ട്. കുടിശിക നൽകാതെ കരാറുകാരന് കാന്റീനുള്ളിലെ സാധനം വിട്ടു നൽകില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

കരാറുകാരനിൽ നിന്ന് പണം പിരിച്ചെടുക്കാൻ തയ്യാറാകാതെ അയാൾക്ക് സഹായകമാകുന്ന രീതിൽ പ്രവർത്തിച്ച ഉത്തരവാദപ്പെട്ടവരിൽ നിന്ന് പണം പിരിച്ചെടുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് നിവേദനം നൽകിയിട്ടുണ്ടെന്ന് കെ.പി.സി.സി സെക്രട്ടറി, രാജേന്ദ്രൻ അരങ്ങത്ത് വ്യക്തമാക്കി.