കയ്പമംഗലം: പുനർഗേഹം പദ്ധതി പൂർത്തീകരണത്തിനായി ഊർജ്ജിത നടപടികളുമായി ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ. സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പുനർഗേഹം പദ്ധതി കയ്പമംഗലം മണ്ഡലത്തിൽ പൂർണമായും നടപ്പാക്കാനും അർഹരായ ഉപഭോക്താക്കൾക്ക് ആവശ്യമായ നിയമനടപടികൾ സുഗമമാക്കാനും എം.എൽ.എയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.

മണ്ഡലത്തിന്റെ തീരദേശ കണക്കെടുപ്പിൽ 701 കുടുംബങ്ങൾ ഉണ്ടെങ്കിലും മാറിത്താമസിക്കാൻ അപേക്ഷിച്ചിരിക്കുന്നത് 497 കുടുംബങ്ങളാണ്. അതിൽ 323 കുടുംബങ്ങൾ നടപടികൾ പൂർത്തിയാക്കി ഭവന നിർമ്മാണത്തിലേക്ക് കടന്നവരാണ്.

അർഹരായിട്ടും നടപടിക്രമം പൂർത്തിയാക്കാത്തവരുടെ പ്രശ്‌നം കണ്ടെത്തി പഞ്ചായത്ത് പ്രസിഡന്റുമാരുടെയും വാർഡു മെമ്പർമാരുടെയും ഉദ്യോഗസ്ഥരുടെയും ഹെൽപ്പ് ഡെസ്‌ക് അംഗങ്ങളുടെയും കൂട്ടായപ്രവർത്തനത്തോടെ ഫെബ്രുവരി 25ന് മുമ്പായിപദ്ധതി പൂർത്തീകരിക്കാൻ എം.എൽ.എ ആവശ്യപ്പെട്ടു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി വിളിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. രാജൻ, ബിന്ദു രാധാകൃഷ്ണൻ എം.എസ്. മോഹനൻ, വിനീത മോഹൻദാസ്, ശോഭന രവി, പഞ്ചായത്ത് സെക്രട്ടറിമാരായ ആർ.എച്ച്. നിനിത, രാംദാസ് , ജലീൽ, റെനീ പോൾ, പി. സുജാത, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തൃശൂർ പി. മാജാ ജോസ്, എക്‌സ്റ്റൻഷൻ ഓഫീസർ മത്സ്യഭവൻ അഴീക്കോട് പി.ഡി. ലിസി, ലീന തോമസ്, ചിപ്പി കാദർ, പി.എം. അൻസിൽ, അസ്‌ലഫ്, സംഗീത, ഷഫ്‌ന തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

പുനർഗേഹം പദ്ധതിപ്രകാരം ഭൂമി വാങ്ങിക്കുന്നവർക്ക് മുദ്രപത്രം ഇനത്തിൽ ഫീസ് ഒഴിവാക്കിയതും കൂട്ടാവകാശത്തിലെ ഭുമിയിൽ എല്ലാവരുടെയും സമ്മതതോടെ കുടുംബത്തിലെ ഒരാൾക്ക് പദ്ധതിയിൽ ഉൾപ്പെടാൻ അവസരം ഒരുക്കിയതും പുതിയ തീരുമാനത്തിന്റെ ഭാഗമാണ്

- ഫിഷറീസ് ഡയറക്ടർ