കൊടുങ്ങല്ലൂർ: കുറ്റിപ്പുറം - ഇടപ്പള്ളി ദേശീയപാത വികസനത്തിനായി ഭൂമി വിട്ടുനൽകാൻ തയ്യാറായ സ്ഥലംഉടമകളെ ആശങ്കയിലാക്കി എലിവേറ്റഡ് ഹൈവേ നിർദ്ദേശം. ദേശീയപാത 66ൽ ലോകമലേശ്വരം വില്ലേജിൽ എലിവേറ്റഡ് ഹൈവേ നിർമ്മിക്കുമെന്ന സൂചന നൽകി നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതുപ്രകാരം പുതുക്കിയ അലൈൻമെന്റ് അനുസരിച്ച് ഭൂമി അളന്ന് തിട്ടപ്പെടുത്തി ഭൂമിയേറ്റെടുക്കൽ സർവേ വിഭാഗം സബ് ഡിവിഷൻ സർവേ സൂപ്രണ്ടിന് റിപ്പോർട്ട് നൽകിക്കഴിഞ്ഞു.
ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ എലിവേറ്റഡ് ഹൈവേ എന്ന നിർദ്ദേശം ഉണ്ടായിരുന്നില്ല. നടപടിക്രമം ഏറെക്കുറെ പൂർത്തിയാക്കി നഷ്ടപരിഹാരത്തുക ഭൂവുടമകൾക്ക് കൈമാറുന്നതിനിടയിലാണ് എലിവേറ്റഡ് ഹൈവേ എന്ന ആശയം ഉയർന്നുവന്നത്. കൊടുങ്ങല്ലൂർ സെന്റ് തോമസ് ദേവാലയത്തെ സംരക്ഷിച്ചു കൊണ്ടാണ് പുതിയ എലിവേറ്റഡ് ഹൈവേ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രദേശത്തെ ഭൂമിഏറ്റെടുക്കൽ ദേശീയപാത അതോറിറ്റി മരവിപ്പിച്ചു.
ഏകദേശം അഞ്ഞൂറ് മീറ്റർ ദൂരത്തിലാണ് സ്ഥലമെടുപ്പ് ഒഴിവാക്കിയിട്ടുള്ളത്. ഈ പ്രദേശം ഒഴികെയുള്ള സ്ഥലമുടമകൾക്ക് നഷ്ടപരിഹാരത്തുക ലഭിക്കുകയും ഭൂമിയിലെ കെട്ടിടങ്ങളും വീടും മറ്റും പൊളിച്ചുനീക്കൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ആവശ്യമായ രേഖകളെല്ലാം സമർപ്പിച്ച് നഷ്ടപരിഹാരത്തുക ലഭിക്കാൻ കാത്തിരുന്ന ഭൂമി അവസാനഘട്ടത്തിൽ ഒഴിവാക്കിയത് ഭൂവുടമകളെ അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്ന സാഹചര്യത്തിൽ താമസത്തിനും കച്ചവടത്തിനുമായി മറ്റിടങ്ങൾ കണ്ടെത്തിയവർ ഉൾപ്പെടെ എലിവേറ്റഡ് ഹൈവേ പദ്ധതി മൂലം കുരുക്കിലായവർ ഏറെയാണ്.
പ്രശ്നം ഇങ്ങനെ
നേരത്തെ ദേശീയപാത വികസനത്തിനായി അളന്നുതിട്ടപ്പെടുത്തുകയും നഷ്ടപരിഹാരത്തുക നിശ്ചയിക്കുകയും ചെയ്ത പല ഭൂമികളും പുതിയ റിപ്പോർട്ടുപ്രകാരം സർവേയിൽ ഉൾപ്പെട്ടിട്ടില്ല. ഏറ്റെടുക്കാൻ തീരുമാനിച്ച് നടപടികൾ പൂർത്തിയാക്കിയ 3.03 ഏക്കർ ഭൂമിയിൽ നിന്നും 60 സെന്റ് ഒഴിവാക്കി 2.40 ഏക്കർ ഭൂമിയാണ് ഇപ്പോൾ ഏറ്റെടുക്കുന്നത്.