മറ്റത്തൂർ: നാലുമാസത്തോളമായി ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ചാലക്കുടി വനം ഡിവിഷനിലെ വെള്ളിക്കുളങ്ങര റേഞ്ചിനു കീഴിൽ ജോലി ചെയ്യുന്ന താത്കാലിക ഫോറസ്റ്റ് വാച്ചർമാർ സമരം ആരംഭിച്ചു. വാസുപുരം, ചട്ടിക്കുളം എന്നിവിടങ്ങളിലെ ഫോറസ്റ്റ് സ്റ്റേഷനുകളിൽ കുത്തിയിരുന്നാണ് ഇവർ പ്രതിഷേധ സമരം നടത്തുന്നത്.
575 രൂപയാണ് ഇവർക്ക് സർക്കാർ നൽകുന്ന പ്രതിദിന വേതനം. മാസത്തിൽ 30 ദിവസവും ജോലി ചെയ്താലും 20 മുതൽ 22 ദിവസത്തെ വരെ വേതനമാണ് ഇവർക്ക് ലഭിക്കുന്നത്. അതേസമയം വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിൽ 21 താത്കാലിക വാച്ചർമാർ ഉണ്ടെന്നും അതിൽ ചിലർക്ക് ഒന്നും രണ്ടും മാസത്തെ വേതനം കൊടുക്കാനുണ്ടെന്നും റേഞ്ച് ഓഫിസർ പറഞ്ഞു. ഫണ്ട് കുറവ് മൂലമാണ് വേതനം നൽകാതിരുന്നതെന്നും ഉടൻ തന്നെ പണം വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.