വടക്കാഞ്ചേരി: പുന്നംപറമ്പ് സെന്ററിലും സമീപ പ്രദേശങ്ങളിലും തെരുവുനായകളുടെ ശല്യം ജന ജീവിതത്തിന് ഭീഷിണിയാവുന്നു. കൂട്ടമായി തെരുവുകളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ്ക്കൾ ആളുകളെ വളഞ്ഞിട്ട് അക്രമിക്കാൻ തുടങ്ങിയതോടെ പുറത്തിറങ്ങി നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. പെറ്റുപെരുകി വരുന്ന നായ്ക്കളെ കൊന്നൊടുക്കാൻ നിയമം അനുവദിക്കാത്തതിനാൽ അവയെ വന്ധ്യംകരിക്കാൻ നടപടിയെടുക്കുമെന്ന് തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ അറിയിച്ചിരുന്നു. എന്നാൽ നടപടി ഒന്നും ഇതുവരെ ഉണ്ടായില്ല. കഴിഞ്ഞ ഗ്രാമസഭകളിലും ജനങ്ങൾ വിഷയം ഉന്നയിച്ചെങ്കിലും നിയമ സംരക്ഷണത്തിന്റെ പേരിൽ നടപടിയെടുക്കാനാവില്ലെന്നാണ് പഞ്ചായത്ത് ജനപ്രതിനിധികൾ അറിയിച്ചത്. അനധികൃത ഇറച്ചി വിൽപ്പന ശാലകൾ പെരുകിയതാണ് മേഖലയിൽ തെരുവ് നായ്ക്കൾ കൂട്ടം കൂടാൻ കാരണമാക്കിയതെന്നും പറയപ്പെടുന്നു. ഇറച്ചിക്കടകളിലെ അവശിഷ്ടങ്ങൾ അലസമായി വലിച്ചെറിയുന്നതു മൂലം ഇത് തിന്നാനായാണ് നായ്ക്കൾ കൂട്ടത്തോടെ എത്തുന്നത്. പാതയോരത്തെ അനധികൃത ഇറച്ചിക്കച്ചവടം അവസാനിപ്പിക്കണമെന്നും പഞ്ചായത്ത് അറവ് ശാലകൾ നിർമ്മിക്കണമെന്നും ബിൽഡിംഗ് ആന്റ് റോഡ് വർക്കേഴ്‌സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി വറീത് ചിറ്റിലപ്പിള്ളി യോഗം ഉദ്ഘാടനം ചെയ്തു. സി.കെ. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സലീന തോമസ്, രാധാമണി രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.