പാവറട്ടി: പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഫാർമസിയിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ രോഗികൾ ദുരിതത്തിൽ. ഫാർമസിയിൽ ഒരാൾ മാത്രമാണ് മരുന്ന് എടുത്ത് കൊടുക്കാനുള്ളത്. നിലവിലുള്ള സ്റ്റാഫ് ലീവായതിനാൽ താത്കാലികമായി ഫാർമസിസ്റ്റിനെ വച്ചാണ് മുന്നോട്ടുപോകുന്നത്. മരുന്ന് കൊടുക്കുന്നതിന് മുമ്പ് ഓരോ രോഗിയുടെയും മരുന്നിന്റെ വിശദ വിവരങ്ങൾ രേഖപ്പെടുത്തേണ്ടതുണ്ട്. മരുന്ന് കൊടുക്കുന്നതും എഴുതിവയ്ക്കുന്നതും ഒരാളായതിനാൽ വളരെ സമയമെടുത്താണ് വരി നിൽക്കുന്ന രോഗികൾക്ക് മരുന്ന് ലഭിക്കുന്നത്. മുൻകാലങ്ങളിൽ ഫാർമസിയിൽ ആള് കുറവായാൽ അവിടെയുള്ള മറ്റ് നഴ്‌സുമാരിൽ നിന്ന് പ്രാവീണമുള്ളവരെ സഹായത്തിന് നിറുത്തിയിരുന്നു. ഫാർമസിസ്റ്റ് അല്ലാത്തവരെ മരുന്ന് എടുത്ത് കൊടുക്കാൻ നിറുത്തുന്നതിനെതിരെ ഫാർമസിസ്റ്റ് അസോസിയേഷൻ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചിരുന്നു. ഇതുകാരണം മുൻകാലങ്ങളിലെപോലെ സഹായത്തിന് താത്കാലികമായി ആളെ നിറുത്താൻ കഴിയുന്നില്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞത്. ഡോക്ടറുടെ അടുത്തുള്ളവരേക്കാൾ ഇരട്ടിയാണ് ഫാർമസിക്ക് മുന്നിലുള്ളത്.
ജലദോഷവും പനിയും പരക്കെ പടർന്ന് പിടിച്ചിട്ടുള്ളതിനാൽ ഹെൽത്ത് സെന്ററിൽ രോഗികളുടെ തിരക്ക് കൂടുതലാണ്. ഇതിന് പുറമെയാണ് കൊവിഡ് ടെസ്റ്റ് ചെയ്യാൻ വരുന്നവരുടെയും വാക്‌സിൻ കുത്തിവെപ്പിന് വരുന്നവരുടെയും തിരക്ക്. പ്രായമേറിയവരാണ് രോഗികളിലധികവുമെന്നതിനാൽ കൂടുതൽ നേരം വരി നിൽക്കാനുള്ള പ്രയാസത്താൽ ബുദ്ധിമുട്ടുകയാണ്. ഫാർമസി ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിച്ച് രോഗികളുടെ പ്രയാസത്തിന് പരിഹാരം കാണാൻ ഉത്തരവാദപ്പെട്ടവർ തയ്യാറാകണമെന്നാണ് രോഗികളുടെ ആവശ്യം.
വന്ന് പത്ത് മിനുട്ടിനുള്ളിൽ ഡോക്ടറെ കണ്ടെങ്കിലും അരമണിക്കൂർ വരി നിന്നിട്ടും മരുന്ന് ലഭിക്കാത്ത അവസ്ഥയാണ്.
സ്വലാഹുദ്ദീൻ പൈങ്കണ്ണിയൂർ (പൊതുപ്രവർത്തകൻ)