
തൃശൂർ : സിൽവർ ലൈൻ അർദ്ധ അതിവേഗ റെയിൽവേ ലൈൻ പദ്ധതിയുടെ ഭാഗമായി തൃശൂരിൽ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമായി. തൃശൂർ, ചാലക്കുടി, കുന്നംകുളം, മുകുന്ദപുരം താലൂക്കുകളിലെ 36 വില്ലേജുകളിലാണ് 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമാകും സാമൂഹികാഘാത പഠനം നടത്തുക. കേരള വോളണ്ടറി ഹെൽത്ത് സർവീസ്, കോട്ടയം എന്ന സ്ഥാപനമാണ് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുക. സിൽവർ ലൈൻ യാഥാർത്ഥ്യമാവുന്നതോടെ തൃശൂരിൽ നിന്ന് ഒരു മണിക്കൂർ 56 മിനിറ്റ് കൊണ്ട് തിരുവനന്തപുരത്തേക്കും ഒരു മണിക്കൂർ 58 മിനിറ്റ് കൊണ്ട് കാസർകോട്ടേക്കും 44 മിനിറ്റിൽ കോഴിക്കോട്ടേക്കും 31 മിനിറ്റിൽ എറണാകുളത്തേക്കും യാത്ര ചെയ്യാനാകും. ജില്ലയിൽ 36 വില്ലേജുകളിലായി 67 കിലോമീറ്ററിലാണ് പാത കടന്നു പോകുന്നത്. പദ്ധതിയുടെ ഭാഗമായി 148.6745 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക.
പഠനം ഇങ്ങനെ
പദ്ധതി ബാധിക്കുന്ന ഭൂമിയുടെ അളവ്, കുടുംബങ്ങളുടെ എണ്ണം, വീടുകൾ, മറ്റു പൊതുഇടങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് പഠന വിധേയമാക്കുക. ഏറ്റെടുക്കുന്ന ഭൂമി നിർദ്ദിഷ്ട പദ്ധതിക്ക് ആവശ്യമായതാണോ, പദ്ധതി എത്രത്തോളം സാമൂഹികാഘാതം ഉണ്ടാക്കും തുടങ്ങിയ കാര്യങ്ങളും പഠനത്തിന്റെ ഭാഗമാണ്. 100 ദിവസത്തിനുള്ളിൽ പഠനം പൂർത്തിയാക്കും.