
തൃശൂർ : കൊവിഡ് പോസിറ്റീവാണെന്ന കാരണത്താൽ സ്വകാര്യ, സർക്കാർ ആശുപത്രികളിലെത്തുന്നവരും ചികിത്സയിലിരിക്കുന്നവരുമായ രോഗികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മറ്റും റഫർ ചെയ്യുന്ന സ്ഥിതി ഉണ്ടാവരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ഓൺലൈനായി നടന്ന കൊവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അവർക്ക് അതത് ആശുപത്രികളിൽ തന്നെ ചികിത്സ ലഭ്യമാക്കണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കൊവിഡ് ഉൾപ്പെടെയുള്ള ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തണം. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിത ശൈലീ രോഗങ്ങൾ ഉള്ളവർക്ക് ആവശ്യമായ മരുന്ന് വീടുകളിലെത്തിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. മന്ത്രിമാരായ കെ.രാജൻ, ആർ.ബിന്ദു, എം.എൽ.എമാരായ എ.സി.മൊയ്തീൻ, സേവ്യർ ചിറ്റിലപ്പിള്ളി, ടൈസൺ മാസ്റ്റർ, വി.ആർ.സുനിൽകുമാർ, കെ.കെ.രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ, ജില്ലാ കളക്ടർ ഹരിത വി.കുമാർ, ഡി.എം.ഒ ഡോ.എൻ.കെ.കുട്ടപ്പൻ, ഡി.പി.എം ഡോ.രാഹുൽ, ജില്ലാ സർവെയ്‌ലൻസ് ഓഫീസർ ഡോ.കാവ്യ, ഡെപ്യൂട്ടി കളക്ടർ (ഡിഎം) ഐ.ജെ മധുസൂദനൻ, തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.പ്രതാപ്, സൂപ്രണ്ട് ഡോ.ബിജു കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
പ്രതിശബ്ദങ്ങളാണ് ജനാധിപത്യം: പി.സുരേന്ദ്രൻ
തൃശൂർ: ഭരണകൂടങ്ങളെ അനുസരിക്കലല്ല, അവയുടെ തെറ്റായ നടപടിക്കെതിരെ പ്രതിശബ്ദങ്ങൾ ഉയർത്തലാണ് ജനാധിപത്യമെന്ന് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ പി.സുരേന്ദ്രൻ പ്രസ്താവിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങോ ? എന്ന തലക്കെട്ടിൽ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാഷിസത്തിനെതിരെ നമ്മൾ പിടഞ്ഞുകൊണ്ടിരിക്കണം. ഇല്ലെങ്കിൽ ചരിത്രം നമ്മളെ കുറ്റക്കാരായി വിധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടി.കെ.വാസു അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റംഗം പി.കെ.ഷാജൻ, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ.റഷീദ്, ആക്ടിവിസ്റ്റ് കെ.സഹദേവൻ, ആർ.എം.പി ജില്ലാ സെക്രട്ടറി പി.ജെ.മോൻസി, ജോയ് കൈതാരത്ത് , സാംസ്കാരിക കൂട്ടായ്മ കൺവീനർ ആർ.എം.സുലൈമാൻ, സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.