ചാലക്കുടി: അന്നനാട് ഗ്രാമീണ വായനശാലയെ സംസ്ഥാന ലൈബ്രറി കൗൺസിൽ എ പ്ലസ് ഗ്രേഡ് വായനശാലയായി പ്രഖ്യാപിച്ചു. കലാ, സാംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അംഗീകാരം. കൊവിഡ് പ്രതിസന്ധി കാലത്തും ടെക്‌നോളജിയെ മികച്ച രീതിയിൽ ഉപയോഗിക്കാൻ സാധിച്ചതാണ് എട്ടര പതിറ്റാണ്ട് പാരമ്പര്യമുള്ള വായനശാലയ്ക്ക് നേട്ടം കൈവരിക്കാനായത്. പ്രളയ കാലയളവിലെ പ്രവർത്തനങ്ങളും കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ ജനങ്ങളെ സഹായിക്കലും വായനശാലയുടെ നേതൃത്വത്തിൽ നടന്നു. 2020 ൽ വായനശാലയെ ചാലക്കുടി താലൂക്ക് റഫറൻസ് ലൈബ്രറിയായി പ്രഖ്യാപിച്ചിരുന്നു.
1937 ലാണ് അന്നനാട് ഗ്രാമീണ വായനശാലയുടെ തുടക്കം. ജനകീയ പ്രശ്‌നങ്ങളിലെ ഇടപെടലുണ്ടായപ്പോൾ വനിതകളും പ്രവർത്തകരായെത്തി. 2016നു ശേഷം സർക്കാരിന്റെ വലിയ സാമ്പത്തിക സഹായം ലഭ്യമായതോടെ വികസനത്തിൽ കുതിപ്പുണ്ടാക്കി. ഇരുപതിനായിരത്തോളം പുസ്തകങ്ങളും അഞ്ഞൂറിലധികം അംഗങ്ങളും വായനശാലയ്ക്കുണ്ട്. കാടുകുറ്റി പഞ്ചായത്തിലെ ആദ്യ സൗജന്യ വൈഫൈ കേന്ദ്രം കൂടിയാണ്. വായനാശാലയിലെ വയോജന കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ വേറിട്ടതാണ്. കുട്ടികൾക്കും യുവാക്കൾക്കും പ്രത്യേക വായനാശീലവും അനുബന്ധ പരിപാടികളും നടത്തുന്നുണ്ട്. എല്ലാ വർഷവും നടത്തുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.