പാവറട്ടി: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കണ്ണോത്ത്-പുല്ലഴി റോഡിന്റെ അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. 51-ാം തറയിൽ നിന്ന് പുല്ലഴി ഭാഗത്തേയ്ക്കുള്ള ബണ്ട് റോഡിന്റെ പാർശ്വഭിത്തി നിർമ്മാണ ജോലികളാണ് തുടങ്ങിയത്. ഏറെത്താമസിയാതെ മണ്ണിട്ട് നികത്തി ബണ്ട് റോഡ് വീതി കൂട്ടി മെറ്റലിംഗും ടാറിംഗും നടത്തും. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തി. കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതി പ്രകാരം 14.94 കോടി രൂപയാണ് റോഡിനായി അനുവദിച്ചിട്ടുള്ളത്. കെ.എൽ.ഡി.സിയ്ക്കാണ് 3.5 അഞ്ച് കിലോമീറ്റർ വരുന്ന റോഡിന്റെ നിർമ്മാണ ചുമതല. നബാർഡിന്റെ സാമ്പത്തിക സഹായവും ലഭിക്കുന്നുണ്ട്.
റോഡ് നിർമാണം പൂർത്തിയായാൽ വെങ്കിടങ്ങ്, മുല്ലശ്ശേരി പ്രദേശങ്ങളിലുള്ളവർക്കും തീരദേശ മേഖലയിലുള്ളവർക്കും തൃശൂരിലേക്കുള്ള യാത്രാദൂരം കുറയും. കോൾമേഖല കോർത്തിണക്കി വിനോദ സഞ്ചാരമേഖലയ്ക്കും പുത്തൻ ഉണർവാകും. കൂടാതെ ഏറെ തിരക്കുള്ള സംസ്ഥാന പാതയായ തൃശൂർ-വാടാനപ്പള്ളി റോഡിലെ ഗതാഗത കുരുക്കിനും പരിഹാരമാകും.
നിർമ്മാണം തുടങ്ങിയത് 15 വർഷങ്ങൾക്ക് മുൻപ്
കോൾപ്പാടങ്ങൾക്ക് നടുവിലൂടെ വെങ്കിടങ്ങ് പഞ്ചായത്തിലെ കണ്ണോത്ത് കടവിൽ നിന്നു തുടങ്ങി തൃശൂർ കളക്ടറേറ്റിനു സമീപം പുല്ലഴിയിൽ എത്തിച്ചേരുന്ന 10.50 കിലോമീറ്റർ റോഡ് നിർമ്മാണം തുടങ്ങിയത് 15 വർഷങ്ങൾക്ക് മുൻപാണ്. മണലൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ഏഴു കിലോമീറ്റർ നിർമ്മാണം വർഷങ്ങൾക്കുമുമ്പ് പൂർത്തീകരിച്ചെങ്കിലും തൃശൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന 3.5 കിലോമീറ്റർ റോഡ് നിർമ്മാണം പൂർത്തിയാകാതെ കിടക്കുകയായിരുന്നു.