karuvannur-

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിന്റെ പുനഃരുദ്ധാരണത്തിനായി 250 കോടി രൂപ സമാഹരിക്കും. കൺസോർഷ്യത്തിന് നേതൃത്വം നൽകുന്ന കേരള ബാങ്ക്, കരുവന്നൂരിന്റെ 150 കോടിയുടെ വായ്പ ഏറ്റെടുക്കുമെന്ന് അറിയുന്നു. 50 കോടി കൺസോർഷ്യത്തിൽ അംഗമാകുന്നവരിൽ നിന്നും ബാക്കി ഡെപ്പോസിറ്റ് ഗ്യാരന്റി സ്‌കീമിൽ നിന്നും സമാഹരിക്കുമെന്നാണ് വിവരം. കരുവന്നൂരിൽ 226.77 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിലുള്ളത്.

അടുത്തയാഴ്ച സഹകരണ മന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള യോഗത്തിൽ കൺസോർഷ്യം സംബന്ധിച്ച് തീരുമാനവും വൈകാതെ സർക്കാർ ഉത്തരവുമുണ്ടാകും. തുടർന്ന് കൺസോർഷ്യം രൂപീകരിക്കും.

രജിസ്ട്രാറുടെ ചുമതലയുള്ള അഡിഷണൽ രജിസ്ട്രാർ എം. ബിനോയ്‌കുമാർ കഴിഞ്ഞയാഴ്ച തൃശൂരിലെത്തി വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. 48 സഹകരണ സംഘങ്ങൾ കൺസോർഷ്യത്തിൽ ചേരാൻ സന്നദ്ധരാണ്. ബോർഡ് യോഗം ചേർന്ന ശേഷം മറ്റു സംഘങ്ങളുടെ സന്നദ്ധത ഈയാഴ്‌ച അറിയാം. തുടർന്ന് ബാങ്കുകളുടെ അന്തിമ ലിസ്റ്റ് നൽകും. സ്വമേധയാ മുന്നോട്ടു വരുന്നവരെ കൺസോർഷ്യത്തിൽ അംഗങ്ങളാക്കിയാൽ മതിയെന്നും അവർ ഇഷ്ടമുള്ള തുക നൽകിയാൽ മതിയെന്നുമാണ് സർക്കാർ നിലപാട്.

 നേതൃത്വം കേരള ബാങ്കിന്

കൂടുതൽ ബാദ്ധ്യത ഏറ്റെടുക്കുന്നതിനാൽ ഫണ്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വവും കേരള ബാങ്കിനായിരിക്കും. കൺസോർഷ്യത്തിന്റെ ഭാഗമായി അഞ്ചോ ഏഴോ അംഗങ്ങളുള്ള ഫണ്ട് മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കാൻ ജോയിന്റ് രജിസ്ട്രാർ ശുപാർശ ചെയ്തിട്ടുണ്ട്. കേരള ബാങ്ക് മാനേജർക്കോ പ്രാഥമിക സഹകരണ സംഘത്തിന്റെ സെക്രട്ടറി സ്ഥാനത്തിൽ കുറയാത്ത യോഗ്യതയുള്ളവർക്കോ ആയിരിക്കും ചുമതല. ആവശ്യക്കാർക്ക് നിക്ഷേപം തിരികെ നൽകുക, കുടിശിക പിരിക്കുക, ബാങ്കിനെ പുനരുജ്ജീവിപ്പിക്കുക തുടങ്ങിയ ചുമതലകളും കമ്മിറ്റിക്ക് ആയിരിക്കും.