
തൃശൂർ: പയർവർഗ്ഗ കൃഷിയുടെ പ്രോത്സാഹനത്തിന് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ കീഴിലുള്ള സംസ്ഥാനത്തെ ആദ്യ പയർവർഗ്ഗ വിത്ത് സംസ്‌കരണ കേന്ദ്രത്തിന് (പൾസ് സീഡ് ഹബ്) പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രത്തിൽ തുടക്കം. 1.5 കോടി ചെലവിൽ നിർമ്മിച്ച ഗോഡൗണിന് 40 ടൺ ശേഷിയുണ്ട്. ഗ്രേഡർ, ഗ്രാവിറ്റി സെപ്പറേറ്റർ എന്നീ യന്ത്രങ്ങൾ വഴി വേർതിരിക്കലും സംസ്‌കരണവും നടക്കും. സംസ്കരിക്കാനെടുക്കുന്ന വിത്തുകൾക്ക് പൊതുവിപണിയേക്കാൾ ഉയർന്ന വിലയും കേന്ദ്രത്തിലൂടെ കർഷകർക്ക് ലഭിക്കും. പയർവർഗ്ഗ കൃഷിയുടെ പ്രതാപം തിരിച്ചുപിടിച്ച് മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. പയർവർഗ്ഗ ഉത് പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ലക്ഷ്യത്തോടെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രം തുടങ്ങിയിട്ടുണ്ട്. വൻപയർ, ചെറുപയർ, മുതിര, ഉഴുന്ന് എന്നിവയുടെ ഗുണമേന്മയുള്ള വിത്തുകൾ 350 ചതുരശ്ര മീറ്റർ ശീതീകരിച്ച ഗോഡൗണിൽ സൂക്ഷിച്ച് കർഷകർക്ക് നൽകും. പദ്ധതി വിജയിച്ചാൽ തമിഴ്‌നാട് - ജാർഖണ്ഡ് മാതൃകയിൽ സംസ്‌കരണത്തിനായി ചെറുമില്ലുകൾ സ്ഥാപിക്കാനും കൂടുതൽ സ്ഥലങ്ങളിൽ തുടങ്ങാനും ആലോചനയുണ്ട്. പയർകൃഷിയിൽ പാലക്കാട്, വയനാട്, കണ്ണൂർ, കൊല്ലം ജില്ലകളാണ് മുന്നിൽ.
വിത്ത് വില
വൻപയർ, ചെറുപയർ 180 രൂപ (കിലോ)
മുതിര 70 (കിലോ)
സംഭരണവില
വൻപയർ, ചെറുപയർ 150 രൂപ (കിലോ)
മുതിര 60 (കിലോ)
പയർമണി തരും വരുമാനം
കർഷകന് പുറത്ത് ലഭിക്കുന്ന വില 90-97രൂപ (ശരാശരി)
വിളവെടുക്കാൻ വേണ്ടത് രണ്ട് മാസം
മുതിര 90-100 ദിവസം
ഒരേക്കറിന് വേണ്ട വിത്ത് 8 കിലോ
വിളവ് ശരാശരി 500 കിലോ
വരുമാനം 150 രൂപ വച്ച് 75,000 രൂപ
ചെലവ് ഏകദേശം 15,000 രൂപ.
ലാഭം 60,000 രൂപ
പയർ ചെടികൾ നൈട്രജൻ ഫാക്ടറികളാണ്. അന്തരീക്ഷത്തിൽ നിന്ന് വലിച്ചെടുത്ത് മണ്ണിൽ ലയിപ്പിക്കുന്നു. നെല്ലിന് ശേഷം ഒരു തവണ പയർ കൃഷി ചെയ്താൽ തുടർക്കൃഷിക്ക് യൂറിയ കുറയ്ക്കാം. മണ്ണിനും പരിസ്ഥിതിക്കും ഗുണകരമാണ്.
രോഷ്ണി വിജയൻ
അസി. പ്രൊഫസർ, കാർഷിക ഗവേഷണ കേന്ദ്രം, പട്ടാമ്പി