അഞ്ച് വർഷത്തിനിടെ 1284 പോക്സോ കേസുകൾ
തൃശൂർ: കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾക്കെതിരെ ബോധവത്കരണവും കടുത്ത ശിക്ഷയും ഉണ്ടാകുമ്പോഴും പോക്‌സോ കേസുകൾ കൂടുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1200 ലേറെ പോക്‌സോ കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. കൊവിഡിനെ തുടർന്ന് ഒരു വർഷക്കാലം കടുത്ത നിയന്ത്രണം ഉണ്ടായ 2020ൽ പോലും 234 കേസുകളുണ്ടായി.
കഴിഞ്ഞ വർഷം പോക്സോ കേസുകൾ 300ന് അടുത്തെത്തി. ഓരോ വർഷം ചെല്ലുതോറും കേസുകളുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ വർഷം തൃശൂർ സിറ്റി പൊലീസ് പരിധിയിൽ 136 കേസുകളും റൂറൽ പരിധിയിൽ 160 കേസുകളും രജിസ്റ്റർ ചെയ്തിരുന്നു. 2020ൽ സിറ്റി പരിധിയിൽ 113ഉം റൂറൽ പരിധിയിൽ 121 കേസുകളുമാണ് രജിസ്റ്റർ ചെയ്ത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേസുകളുടെ എണ്ണം ഏറ്റവും ഉയർന്നത് കഴിഞ്ഞ വർഷമാണ്. കേസന്വേഷണം പൂർത്തിയാക്കി അതിവേഗത്തിൽ കുറ്റപത്രം സമർപ്പിക്കുന്നുണ്ട്. കഴിഞ്ഞദിവസം വടക്കാഞ്ചേരി പൊലീസ് 21 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച് റെക്കാഡിട്ടു. 17കാരിയെ പെൺകുട്ടിയെ സ്‌നേഹം നടിച്ച് ലൈംഗിക പീഡനം നടത്തിയ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപമുള്ള അറയ്ക്കൽ റിനാസിനെ (23) ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റുചെയ്തത്. തുടർന്ന് അന്വേഷണം ഏറ്റെടുത്ത എസ്.എച്ച്.ഒ: എം. മാധവൻകുട്ടി, ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കേസിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
കഴിഞ്ഞവർഷം ശിക്ഷിച്ചത് 36പേരെ
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ജില്ലയിൽ പോക്‌സോ കോടതികളിൽ കുട്ടികൾക്ക് നേരെ നടന്ന ലൈംഗിക അതിക്രമങ്ങളിൽ ശിക്ഷിച്ചത് 36 പേരെയാണ്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് പോക്‌സോ സ്‌പെഷ്യൽ കോടതിയിൽ പത്ത് പേരെ ശിക്ഷിച്ചപ്പോൾ തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി 26 പേരെയാണ് ശിക്ഷിച്ചത്. തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി ആരംഭിച്ചതോടെ വിവിധ കോടതികളിൽ നിന്നുള്ള 400 കേസുകളാണ് കൈമാറിയത്. ഇതിൽ 200 ഓളും കേസുകളാണ് കഴിഞ്ഞ വർഷം പരിഗണിച്ചത്. ഇതിൽ 26 പേരെ ശിക്ഷിച്ചപ്പോൾ 2 പേരെയാണ് വെറുതെ വിട്ടത്. കുന്നംകുളത്ത് 131 കേസുകളിൽ പത്ത് പേരെ ശിക്ഷിച്ചപ്പോൾ ആറു പേരെ വെറുതെ വിട്ടു. കോടതി പ്രവർത്തനം വൈകി ആരംഭിച്ച ഇരിങ്ങാലക്കുടയിൽ ഇതുവരെ ഒരു കേസിലാണ് വിധി പറഞ്ഞത്. ഇതിൽ പ്രതിയെ വിട്ടു. എന്നാൽ നിരവധി കേസുകൾ വിചാരണ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. 404 കേസുകളാണ് എത്തിയത്.
സാക്ഷികളുടെ കൂറുമാറ്റം
പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുന്നുണ്ടെങ്കിലും സാക്ഷികളുടെ കൂറുമാറ്റവും ഇരകളും വീട്ടുകാരും പ്രതികളും തമ്മിൽ പുറത്ത് നടത്തുന്ന ഒത്തുതീർപ്പും മൂലം കോടതിയിൽ എത്തുന്ന ഭൂരിഭാഗം കേസുകളും ശിക്ഷ ലഭിക്കാതെ പോകുകയാണ്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രജിസ്റ്റർ
ചെയ്ത കേസുകളുടെ എണ്ണം 1,284
2017 --184
2018 --238
2019 --282
2020 --234
2021----296