 
തൃശൂർ: സർക്കാരിനും സി.പി.എമ്മിനും വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും സഹകരണ ബാങ്കുകൾക്കെതിരെ വിമർശനം ഉയരാൻ ഇടയാക്കുകയും ചെയ്ത കരുവന്നൂർ സഹകരണബാങ്കിനെ രക്ഷിക്കാൻ പാക്കേജ് വരുമ്പോൾ പ്രതീക്ഷയോടെ നിക്ഷേപകർ. അതേസമയം, ഒരു സഹകരണ ബാങ്കിന് മാത്രമായി കൺസോർഷ്യം രൂപീകരിക്കുന്നത് ദുരുദ്ദേശപരമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ സംഘടനകൾ പ്രതിഷേധത്തിലുമാണ്.
കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് പുറത്തുവരും മുൻപേ പല നിക്ഷേപകരും അറിഞ്ഞിരുന്നു. ബാങ്ക് പ്രതിസന്ധിയിലേക്ക് പോകുന്ന കാര്യമറിഞ്ഞ് ഭരണസമിതിയംഗങ്ങൾ വേണ്ടപ്പെട്ടവരുടെ പണം പിൻവലിക്കാൻ നിർദേശിച്ചതായും സൂചനയുണ്ടായിരുന്നു. അഞ്ചുവർഷത്തിനുള്ളിൽ നിക്ഷേപകർ 200 കോടി പിൻവലിച്ചതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. ചുരുങ്ങിയ കാലയളവിൽ ഇത്രയേറെ നിക്ഷേപം പിൻവലിച്ചതിനു പിന്നിൽ ഭരണസമിതിക്ക് പങ്കുണ്ടെന്ന സംശയവും ഉയർന്നു.
സി.പി.എം ഭരിച്ചിരുന്ന ബാങ്ക് പ്രതിസന്ധിയിലാണെന്ന കാര്യം പാർട്ടിതലത്തിലും വർഷങ്ങൾക്കു മുൻപേ അറിഞ്ഞിരുന്നു. സാധാരണക്കാരായ നിക്ഷേപകർക്ക് പണം തിരിച്ചുകിട്ടാതാകുന്ന തരത്തിൽ ബാങ്കിനെ എത്തിച്ചത് 200 കോടിയുടെ നിക്ഷേപം അഞ്ചുവർഷത്തിൽ പിൻവലിച്ചതിനാലാണെന്ന ആക്ഷേപവും ശക്തമായിരുന്നു.
തട്ടിപ്പ് പുറത്തുവന്ന ശേഷം ഒരാഴ്ചയിൽ ഒരു തവണ മാത്രം പരമാവധി 10,000 രൂപ മാത്രമേ പിൻവലിക്കാനാകൂ എന്ന വ്യവസ്ഥയുണ്ടായിരുന്നു. ഈ ആശങ്കകൾക്കെല്ലാം പാക്കേജ് വരുന്നതോടെ വിരാമമാകുമെന്നാണ് ബാങ്ക് അധികൃതരും പാർട്ടിയും നിക്ഷേപകരും കരുതുന്നത്. എന്തായാലും പ്രശ്‌നം പരിഹരിക്കാൻ ഏതറ്റം വരെയും പോകാനുളള നീക്കത്തിലാണ് സർക്കാർ.
സംസ്ഥാന ഖജനാവിലെ നികുതി പണം മാർക്‌സിസ്റ്റ് പാർട്ടി നേതാക്കൾക്ക് വീതം വയ്ക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നാണ് കോൺഗ്രസിന്റെ മുന്നറിയിപ്പ്. സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിൽ നിർബന്ധപ്പിരിവ് നടത്തി ഓരോ സഹകരണ ബാങ്കിൽ നിന്നും ഒരുകോടി രൂപ വീതം ശേഖരിച്ച് കരുവന്നൂർ കൊള്ളയെ വെള്ളപൂശാൻ തൃശൂർ ജില്ലയിലെ സഹകരണ സ്ഥാപനങ്ങൾ തയ്യാറാകില്ലെന്ന് കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു. വിവിധ സഹകരണ സംഘങ്ങളിൽ ലക്ഷകണക്കിന് ആളുകൾ നിക്ഷേപിച്ച കോടിക്കണക്കിന് രൂപ ഇതിന്റെ പേരിൽ പിൻവലിക്കപ്പെടുമെന്നും പറയുന്നു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കൺസോർഷ്യത്തിലേക്ക് 100 കോടി രൂപ കൊടുക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണം. സഹകരണ മേഖലയെ അനിശ്ചിതത്വത്തിലാക്കുന്ന ഈ തീരുമാനങ്ങൾക്കെതിരെ ജില്ലയിലെ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ബാങ്കുകൾ ഒറ്റക്കെട്ടായി പോരാടും.
- ജോസ് വള്ളൂർ, ഡി.സി.സി. പ്രസിഡന്റ്