പാവറട്ടി: ചിമ്മിനി ഡാമിൽ നിന്നുള്ള വെള്ളത്തിന്റെ വരവ് കുറഞ്ഞതോടെ തോളൂർ മേഖലയിലെ പാടശേഖരങ്ങളിലെ കൃഷി നാശത്തിലേക്ക്. പറപ്പൂർ സഹകരണ ബാങ്കിന്റെ കീഴിലുള്ള എടക്കളത്തൂർ, മേഞ്ചിറ, വളക്കുളം പടിഞ്ഞാറെപ്പാടം, ചെല്ലിപ്പാടം തുടങ്ങിയ പാടശേഖരങ്ങളും എളവള്ളി, മുല്ലശ്ശേരി പഞ്ചായത്തുകളിലെ ചില പാടശേഖരങ്ങളും ജലലഭ്യത കുറവ് മൂലം വർച്ചയിലേക്ക് പോകുന്നതിൽ കർഷകർ ഭീതിയിലാണ്.
മഴക്കെടുതി മൂലം ഒന്നിലധികം തവണ വിതയ്‌ക്കേണ്ടിവന്നതും ഞാറ് നീട്ടൽ നടത്തേണ്ടി വന്നതും മൂലം കർഷകർക്ക് ഏറെ നഷ്ടങ്ങൾ സംഭവിച്ചു. അതിനെ അതിജീവിച്ച് വീണ്ടും കൃഷി ഇറക്കിയെങ്കിലും ഈ വരൾച്ച കർഷകരെ നിരാശരാക്കിയിരിക്കുകയാണ്. ഈ പാടശേഖരങ്ങളിലേയ്ക്ക് ചിമ്മിണി ഡാമിൽ നിന്നാണ് വെള്ളം ലഭിച്ചു വരുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ചിമ്മിനിയിൽ നിന്നുള്ള വെള്ളം വരവ് നിലച്ചിരിക്കുകയാണ്. മുല്ലശ്ശേരി പതിയാർകുളങ്ങര ബോക്‌സ് കൽവർട്ട് പാലം നിർമ്മാണത്തിലെ അവശിഷ്ടങ്ങൾ കിടക്കുന്നതിനാലും ചെമ്മീൻ ചാലിന്റെ പല ഭാഗത്തും മണ്ണ് തടസ്സമായി വന്നതിനാലും കെ.എൽ.ഡി.സി കനാലിന്റെ പണി നടക്കുന്നതിനാലും വെള്ളത്തിന്റെ വരവ് സുഗമമാക്കുവാൻ സാധിക്കാത്തതിനാൽ കടാന്തോട് പുഴയിലേക്ക് വെള്ളം വരവ് കുറഞ്ഞുപോയി.
തോളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.പോൾസൺ, പറപ്പൂർ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പി.ഒ. ജോസ്, മേഞ്ചിറ പടവ് കമ്മിറ്റി കൺവീനർ കെ.കുഞ്ഞുണ്ണി തുടങ്ങിയവരുടെ നേതൃത്വത്തിൽ കനാലിലെ നീരോഴുക്കിന്റെ തടസ്സങ്ങൾ നീക്കം ചെയ്തതിനാൽ ജലക്ഷാമത്തിന് നേരിയ പരിഹാരമായി. പ്രശ്‌ന പരിഹാരത്തിനായി നേതാക്കൾ ജലസേചന വകുപ്പ്, കെ.എൽ.ഡി.സി, കൃഷി വകുപ്പ് ഉദ്യോഗസ്ഥരെയും നേരിട്ട് കണ്ട് പരാതി ബോധിപ്പിച്ചു. പ്രശ്‌നങ്ങൾക്ക് ഉടനെ പരിഹാരം ഉണ്ടാവുമെന്ന് ബന്ധപ്പട്ട അധികാരികൾ അറിയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. പോൾസൺ കർഷക സമിതി നേതാക്കളെ അറിയിച്ചു.