1
കൊടുങ്ങല്ലൂർ നെടിയതളി ശിവക്ഷേത്രം ശ്രീകോവിൽ പിച്ചള അലങ്കാര സമർപ്പണത്തോടനുബന്ധിച്ച് ഗുരുദേവ പ്രതിമ പ്രതിഷ്ഠ ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ: ക്ഷേത്ര നവീകരണത്തിന്റെ ഭാഗമായി ബ്രാഹ്മണരുടെ കാൽ കഴുകിച്ചൂട്ട് നടത്താനിരുന്നത് ബ്രാഹ്മണ ദാസ്യവേലയാണെന്നും വിശ്വാസികളുടെ അജ്ഞത ചൂഷണം ചെയ്യുന്ന അനാചാരങ്ങൾ അപലപനീയമാണെന്നും ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. കൊടുങ്ങല്ലൂർ നെടിയതളി ശിവക്ഷേത്രം ശ്രീകോവിൽ പിച്ചള അലങ്കാര സമർപ്പണവും ഗുരുദേവ പ്രതിമ പ്രതിഷ്ഠയും നിർവഹിച്ചശേഷം പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി സച്ചിദാനന്ദ.

പതിയിരിക്കുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ദൂരീകരിക്കാനുള്ള ധാർമ്മികകടമ ഗുരുദേവന്റെ അനുയായിവർഗത്തിനുണ്ടെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. എടവിലങ്ങ് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കാൽകഴുകിച്ചൂട്ട് നടത്താൻ നിശ്ചയിച്ചെന്ന കേരളകൗമുദി വാർത്ത ശിവഗിരി മഠത്തിലെ സന്യാസിമാരെയും ആശ്ചര്യപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീനാരായണ ഗുരുദേവൻ ജീവിച്ച മണ്ണാണിത്. ആയിരം വർഷം കഴിഞ്ഞ് ജനിക്കുന്നവർക്ക് പോലും സ്വീകാര്യമാകുന്ന പരിഷ്‌കൃതി സൃഷ്ടിച്ചെടുത്ത മഹാഗുരുവിന്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്നിടത്താണ് ബ്രാഹ്മണദാസ്യം അനാചാരങ്ങൾ വച്ചുപുലർത്തുന്നതെന്നും സ്വാമികൾ ചൂണ്ടിക്കാട്ടി.

ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് തന്ത്രി നടുമുറി ബാബു ശാന്തി അദ്ധ്യക്ഷനായി. ക്ഷേത്രം കമ്മിറ്റി സെക്രട്ടറി മുരളീധരൻ കൊല്ലംപറമ്പിൽ, എസ്.എൻ.ഡി.പി കൊടുങ്ങല്ലൂർ യൂണിയൻ പ്രസിഡന്റ് ഉമേഷ് ചള്ളിയിൽ, നഗരസഭാ പ്രതിപക്ഷ നേതാവ് ടി.ബി. സജീവൻ, വിദ്യപ്രകാശിനി സഭ പ്രസിഡന്റ് പ്രൊഫ. കെ.കെ. രവി മാസ്റ്റർ, ക്ഷേത്രം വൈസ് പ്രസിഡന്റ് ജയൻ തെക്കൂട്ട്, ജോതിശ് പോളക്കുളത്ത്, കല്യാണറാം, ദാസൻ കളപ്പാട്ട് എന്നിവർ സംസാരിച്ചു.

നെടിയതളി ശിവക്ഷേത്രം ശ്രീകോവിൽ പിച്ചള അലങ്കാര സമർപ്പണവും, ഗുരുദേവ പ്രതിമ പ്രതിഷ്ഠയും സച്ചിദാനന്ദ സ്വാമികൾ നിർവഹിച്ചു. രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വിശേഷാൽ പൂജ എന്നിവ നടന്നു. ശാന്തകുമാർ എടത്തിപറമ്പിൽ, പീതാംബരൻ കളപ്പാട്ട്, രാമചന്ദ്രൻ ചെമ്പനേഴത്ത്, ശങ്കരൻ കളരിക്കൽ, ഗോപി മണക്കാട്ടുപടി, പ്രദീപ് മുല്ലശ്ശേരി, ബാഹുലേയൻ തണ്ടാശ്ശേരി, രഘു രാമൻകുളത്ത്, അനിൽകുമാർ ചെമ്പനേഴത്ത്, രാജൻ കോവിൽപറമ്പിൽ എന്നിവർ നേതൃത്വം നൽകി.