 
ഗുരുവായൂർ: ദേവസ്വം ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞിട്ടും കെ.വി. മോഹനകൃഷ്ണൻ ഭരണസമിതി അംഗമായി തുടരുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പരാതി. ക്ഷേത്രരക്ഷാസമിതി സെക്രട്ടറി എം. ബ്രിജേഷാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർക്ക് പരാതി നൽകിയത്.
പാരമ്പര്യ അംഗങ്ങൾ പങ്കെടുത്ത ഭരണസമിതി യോഗത്തിൽ മോഹനകൃഷ്ണൻ പങ്കെടുത്തതും ചട്ടവിരുദ്ധമാണെന്നാണ് കുറ്റപ്പെടുത്തൽ. മോഹനകൃഷ്ണനെ കഴിഞ്ഞ ഭരണസമിതിയിലേക്ക് സർക്കാർ നാമനിർദേശം ചെയ്യുകയായിരുന്നെന്നും രണ്ട് വർഷത്തേക്ക് അംഗമായി നിയമിക്കുകയല്ലായിരുന്നെന്നും പരാതിയിൽ പറയുന്നു.
നാമനിർദേശം ചെയ്തയാളുടെ കാലാവധി കമ്മിറ്റിക്കൊപ്പം അവസാനിക്കും. കാലാവധി കമ്മിറ്റിക്കാണെന്നും അംഗത്തിനല്ലെന്നും പരാതിയിലുണ്ട്. യോഗ്യതയില്ലാത്തയാൾ പങ്കെടുത്ത യോഗത്തിലെ തീരുമാനങ്ങൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. 2020 ജനുവരിയിൽ ഭരണസമിതി രൂപവത്കരിച്ചിരുന്നെങ്കിലും 10 മാസം കഴിഞ്ഞാണ് മോഹനകൃഷ്ണൻ ഭരണ സമിതിയിലെത്തിയത്.
രണ്ട് വർഷമാണ് ഭരണസമിതിയുടെ കാലാവധി. എൻ.സി.പി പ്രതിനിധിയായിരുന്നു മോഹനകൃഷ്ണൻ. പാർട്ടിയിലെ തർക്കത്തെ തുടർന്നാണ് എൻ.സി.പി പ്രതിനിധിയെ നോമിനേറ്റ് ചെയ്യാൻ വൈകിയിരുന്നത്. രണ്ടുവർഷ കാലാവധിയിലേക്കാണ് തന്നെ സർക്കാർ നിയോഗിച്ചതെന്ന സാങ്കേതികത്വം പറഞ്ഞാണ് മോഹനകൃഷ്ണൻ ഭരണ സമിതി അംഗമായി തുടരുന്നത്.