പാവറട്ടി: പാടൂർ-ഇടിയഞ്ചിറ മാട് നിവാസികൾക്ക് അനുഗ്രഹമായി പുതിയ സ്ലൂയീസ് നിർമ്മാണം ആരംഭിച്ചു. രണ്ടര വർഷം മുമ്പ് ബണ്ട് റോഡിന് കുറുകെയുണ്ടായിരുന്ന പഴയ ഓവ് തകർന്ന് വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് നിലയ്ക്കുകയും മദ്ധ്യഭാഗത്ത് വലിയ ഗർത്തം രൂപപ്പെടുകയും യാത്രാതടസം നേരിടുകയും ചെയ്തിരുന്നു. മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എ. ബാലകൃഷ്ണൻ ആവശ്യപെട്ടതനുസരിച്ച് മുരളി പെരുനെല്ലി എം.എൽ.എയും അന്നത്തെ വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ഇടപെട്ടതനുസരിച്ച് കെ.എൽ.ഡി.സി ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും പുതിയ സ്ലൂയീസ് നിർമ്മിക്കാൻ എസ്റ്റിമേറ്റ് എടുക്കുകയുമായിരുന്നു. 16.25 ലക്ഷം രൂപയാണ് അടങ്കൽ തുക. റഗുലേറ്ററിന് പടിഞ്ഞാറ് ഭാഗത്തെ നീരൊഴുക്ക് തടസപ്പെടുത്തുന്ന മണൽതിട്ട എടുത്ത് മാറ്റി പുതിയ സ്ലൂയിസിന് പാർശ്വങ്ങളിൽ നിക്ഷേപിക്കും. പാടൂർ ഹൈസ്‌കൂൾ, കാരാക്കോസ്, നായാടിത്തറ, പടിപ്പുര, പാണ്ടിപ്പാടം, വാപ്പുകുളം മണലൂപള്ളി തോട്, മാട് എന്നിവിടങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരമാകും. മഴക്കാലമായാൽ സ്ലൂയിസിന്റെ തെക്ക് പടിഞ്ഞാറ് ഭാഗം നിരവധി വീടുകൾ വെള്ളക്കെട്ടിലാകുന്നതിനും പ്രദേശത്ത് വേനൽക്കാലത്ത് ഉപ്പ് വെള്ളം കയറുന്നതിനും പുതിയ സ്ലൂയിസ് പരിഹാരമാകും.