കുന്നംകുളം: നിയോജകമണ്ഡലത്തിൽ കൊവിഡ് വ്യാപനം തടയുന്നതിന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ എ.സി. മൊയ്തീൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗത്തിൽ തീരുമാനിച്ചു. വാർഡുതല സമിതികളുടെയും ആർ.ആർ.ടികളുടെയും പ്രവർത്തനം കാര്യക്ഷമമാക്കും. ടെലിമെഡിസിൻ സൗകര്യം കൂടുതൽ ജനങ്ങളിലേക്കെത്തിക്കും. പാവപ്പെട്ടവർക്ക് മരുന്നുൾപ്പെടെയുള്ള അടിയന്തര ആവശ്യങ്ങൾ ലഭിക്കാൻ ഇടപെടലുണ്ടാകും.
ഭക്ഷണം ലഭിക്കാത്ത സാഹചര്യങ്ങളിൽ ജനകീയ ഹോട്ടലുകളുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തും. കൊവിഡ് ബ്രിഗേഡിലേയ്ക്ക് താലൂക്ക് ആശുപത്രിയിൽ അനുവദിച്ച തസ്തികകളിൽ അടിയന്തരമായി നിയമനം നടത്തുന്നതിനും എരുമപ്പെട്ടി സി.എച്ച്.സിയിൽ വൈകീട്ടുള്ള ഒ.പി പുനരാരംഭിക്കുന്നതിനും നിർദേശം നൽകി. നോഡൽ ഓഫീസർ കെ.കെ. ഉഷ, ചെയർപേഴ്സൺ സീതാരവീന്ദ്രൻ, ആൻസി വില്യംസ്, ഡോ. എ.വി. മണികണ്ഠൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, പൊലീസിലെയും ആരോഗ്യവകുപ്പിലെയും ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.